സംസ്ഥാനത്ത് വൈദ്യതിനിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് നിരക്ക് വർധനവ് പ്രഖ്യാപിച്ചത്. കൂടാതെ, പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.
ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്നും അതിനാൽ വൈദ്യുതിനിരക്ക് വർധനവ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിരക്ക് വർധനയുമായി ബന്ധപ്പെട്ട റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയായി. റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ ചർച്ച ചെയ്യുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.