സംസ്ഥാനത്ത് വൈദ്യുതനിരക്ക് വർധനവ് നിലവിൽവന്നു. യൂണിറ്റിന് 16 പൈസയാണ് ഈ പ്രാവശ്യം വർധിപ്പിച്ചിരിക്കുന്നത്. അടുത്ത വർഷം യൂണിറ്റിന് 12 പൈസ വർധിപ്പിക്കാനും തീരുമാനമായി.
40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമായിരിക്കില്ല. പുതിയ ഉത്തരവ് പ്രകാരം ബി. പി. എല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. 1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗാർഹിക ഉപയോക്താക്കൾക്ക് താരിഫ് വർധന ഇല്ല. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവരുടെ താരിഫ് കൂട്ടിയിട്ടില്ല.
റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ച് നിരക്ക് വർധനവ് വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ ഉയർത്തിയേക്കുമെന്ന സൂചനകളും പുറത്തുവിട്ടിരുന്നു. ഈ ചർച്ചകളെ തുടർന്നാണ് യൂണിറ്റിന് 16 പൈസ ഉയർത്താൻ തീരുമാനമായത്. കെ. എസ്. ഇ. ബി. ആവശ്യം യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്നായിരുന്നു. എന്നാൽ, ജനങ്ങൾക്കുകൂടെ അനുകൂലമായ ഒരു തീരുമാനമേ എടുക്കൂ എന്ന് വൈദ്യുതിമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.