Monday, November 25, 2024

ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ധനയില്ല; നിലവിലെ താരിഫ് നിരക്ക് ജൂണ്‍ 30 വരെ നീട്ടി

സംസ്ഥാനത്ത് ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ധനയുണ്ടാകില്ല. മാര്‍ച്ച് 31ന് അവസാനിക്കുന്ന താരിഫ് നിരക്ക് ജൂണ്‍ 30 വരെ നീട്ടി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. 2022 ജൂണില്‍ വര്‍ധിപ്പിച്ച നിരക്കിന് ഈമാസം 31 വരെയായിരുന്നു പ്രാബല്യം. വീണ്ടും നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കെഎസ്ഇബി റഗുലേറ്ററി കമ്മീഷനെ സമീപിച്ചെങ്കിലും, കമ്മീഷന്‍ ഹിയറിങ് നടത്തി തീരുമാനമെടുത്തില്ല. പുതിയ നിരക്ക് പ്രഖ്യാപിക്കുന്നതിന് പകരം കഴിഞ്ഞ വര്‍ഷത്തെ താരിഫ് കാലാവധി നീട്ടുകയായിരുന്നു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ വര്‍ധിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 25നാണ് റെഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ താരിഫ് പുറത്തിറക്കിയത്. അഞ്ച് വര്‍ഷത്തേക്കുള്ള നിരക്ക് ഒരുമിച്ച് പ്രഖ്യാപിക്കാതെ ഒരു വര്‍ഷത്തേക്കുള്ള നിരക്ക് മാത്രം നിശ്ചയിച്ചായിരുന്നു ഉത്തരവ്. ജൂണ്‍ 30ന് മുന്‍പ് കമ്മീഷന്‍ നിരക്ക് വര്‍ധനയില്‍ തീരുമാനത്തില്‍ എത്തിയില്ലെങ്കില്‍ നിലവിലെ താരിഫ് വീണ്ടും നീട്ടേണ്ടി വരും.

 

Latest News