Tuesday, November 26, 2024

രാജ്യത്ത് കോവിഡ് ബാധിച്ച് പതിനൊന്നു മരണം; പുതിയ കോവിഡ് കേസുകള്‍ 7633

രാജ്യത്ത് കോവിഡ് ബാധിച്ച് ഇന്ന് പതിനൊന്നു പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ കോവിഡ് രോഗത്തെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 5,31,152 ആയി ഉയര്‍ന്നു. അതേ സമയം 7,633 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ ആകെ എണ്ണം 61,233 ആയി ഉയർന്നിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍.

ഡല്‍ഹി, ഹരിയാന, കർണാടക, പഞ്ചാബ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതിയ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലും കേരളത്തിലും നാലും, മറ്റ് മൂന്നു സംസ്ഥാനങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണനിരക്ക് 1.18 ശതമാനമാണ്.

ഇതുവരെയുള്ള കോവിഡ് കേസുകൾ 4.47 കോടി ആയതായി (4,48,34,859) ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. സജീവമായ കേസുകൾ, ഇപ്പോൾ ആകെ രോഗബാധിതരുടെ 0.14 ശതമാനവും ദേശീയ രോഗമുക്തി നിരക്ക് 98.68 ശതമാനമായും രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണം 4,42,42,474 ആയാണ് നിലവില്‍ ഉയർന്നിരിക്കുന്നത്. കേസുകള്‍ ഉയരുമ്പോഴും വാക്സിനേഷൻ ഡ്രൈവ് പുരോഗമിക്കുകയാണ്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ കണക്കനുസരിച്ച് ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സിൻ രാജ്യത്ത് നല്‍കിയതായാണ് വിവരം.

Latest News