ട്വിറ്ററിൽ പുതിയൊരു അഭിപ്രായ വോട്ടെടുപ്പുമായി എത്തിയിരിക്കുകയാണ് കമ്പനി മേധാവി ഇലോൺ മസ്‌ക്. ട്വിറ്റർ മേധാവി സ്ഥാനത്തുനിന്ന് താൻ ഒഴിയണോ എന്നാണ് ചോദ്യം. അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം താൻ അംഗീകരിക്കുമെന്ന് മസ്‌ക് പറയുന്നു.
ട്വിറ്റർ പോൾ തുടങ്ങി എട്ട് മണിക്കൂർ പിന്നിട്ടപ്പോൾ 56.7 ശതമാനം പേർ ഇലോൺ മസ്‌ക് താഴെ ഇറങ്ങണം എന്ന അഭിപ്രായക്കാരാണ്. 43.3 ശതമാനം പേർ വേണ്ട എന്നും രേഖപ്പെടുത്തുന്നു. മറ്റ് സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നതിനുള്ള ലിങ്കുകൾ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, മസ്റ്റഡോൺ, ട്രൂത്ത് സോഷ്യൽ പോലുള്ള മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ പ്രചാരണം ട്വിറ്ററിൽ ഇനി അനുവദിക്കില്ല എന്ന നയമാണ് കമ്പനിക്ക്.
കാലങ്ങളായി ഗൗരവതരമായ സോഷ്യൽമീഡിയാ ഇടപെടലുകൾക്ക് ഇടം നൽകിയിരുന്ന ട്വിറ്റർ ഈ രീതിയിൽ മാറുന്നതിനോട് ഉപഭോക്താക്കൾക്കിടയിൽ അനുകൂല അഭിപ്രായമില്ല. ഈ സാഹചര്യത്തിൽ ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ എന്ന് ചോദിച്ചുള്ള മസ്‌കിന്റെ അഭിപ്രായ വോട്ടെടുപ്പ് എത്രത്തോളം അദ്ദേഹത്തിന് അനുകൂലമാവുമെന്ന് പറയാനാവില്ല.