യുഎസിലെ മിസിസിപ്പിയില്‍ കനത്ത നാശം വിതച്ച ചുഴലിക്കാറ്റിനു പിന്നാലെ സംസ്ഥാനത്തു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗവർണർ ടാറ്റെ റീവ്സാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചുഴലിക്കാറ്റില്‍ 26 പേർ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
മിസിസിപ്പില് മാത്രം 25 പേർക്കും അലാബാമയില്‍ ഒരാള്‍ക്കുമാണ് ജീവന് നഷ്ടമായത്. കൊടുങ്കാറ്റില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. സ്ഥലത്തു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പടിഞ്ഞാറൻ മിസിസിപ്പിയിലെ നഗരമായ റോളിങ് ഫോർക്ക് ചുഴലിക്കാറ്റിൽ പൂർണമായും തകര്‍ന്നിട്ടുണ്ട്. ദുരന്തം കനത്ത നാശം വിതച്ച മിസിസിപ്പിയില്‍ വീണ്ടും ചുഴലിക്കാറ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പ്രവചനത്തിനു പിന്നാലെയാണ് ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അതേസമയം, മിസിസിപ്പിയില്‍ നിന്നും വരുന്ന വിവരങ്ങള്‍ ഹൃദയം തകർക്കുന്നതാണെന്നും, സര്‍ക്കാരിനു ചെയ്യാൻ കഴിയാവുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ജോബൈഡന് വ്യക്തമാക്കിയിട്ടുണ്ട്.