തുര്‍ക്കിയുടെ കിഴക്കന്‍ മേഖലയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ അഞ്ചാമത്തെ വലിയ ഭൂചലനം ചൊവ്വാഴ്ച ഉണ്ടായി. ഇതേ തുടര്‍ന്ന് ഭൂകമ്പ ബാധിത മേഖലകളില്‍ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 8000 കടന്നു.
ഭൂകമ്പ ബാധിത മേഖലകളായ 10 പ്രവിശ്യകളിലാണ് തുർക്കി പ്രസിഡൻറ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മൂന്നു മാസത്തേയ്ക്കാണ് നിയന്ത്രണങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആയിരങ്ങള്‍ കുടുങ്ങി കിടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
76 രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനകളും തുർക്കിയെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു പറഞ്ഞു. ഇന്ത്യയുടെ ദുരിതാശ്വാസ സഹായം തുടരുകയാണ്. ഡൽഹിയിലെ തുർക്കി എംബസിയിൽ പതാക പകുതി താഴ്ത്തിക്കെട്ടി. വ്യോമസേനയുടെ രണ്ടാമത്തെ സി17 വിമാനവും തുർക്കിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.