Monday, November 25, 2024

നടനവിസ്മയം ഇന്നസെൻ്റിനെ അനുസ്മരിച്ച് ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍

വെള്ളിത്തിരയിലും ജീവിതത്തിലും വലിയ ചിരികൾ സമ്മാനിച്ച ഇന്നസെന്റ് എന്ന പ്രതിഭാശാലി വിട പറഞ്ഞിരിക്കുന്നു. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സരസ സംഭാഷണവും മലയാള ചലച്ചിത്ര പ്രേമികളെ ഇന്നസെന്‍റ് പ്രേമികളാക്കി തീര്‍ത്തു എന്നതിൽ സംശയമില്ല . മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം പേരുപോലെതന്നെ ‘ഇന്നസെന്‍റാ’യിരുന്നു എന്നും പറയാതെ വയ്യ. അഞ്ചു പതിറ്റാണ്ടിലേറെയായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച അദ്ദേഹത്തിന്‍റെ വേര്‍പാട് അനുസ്മരിക്കുകയാണ് ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍.

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ചുകൊണ്ടുളള നിലപാടുകൾ സ്വീകരിച്ച പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്‍റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമർ സെൻസിന്റെ മധുരം നിറയ്ക്കുകയും, അഭിനയത്തിലും എഴുത്തിലും അത്രമേൽ ആത്മാർഥത കാട്ടുകയും നിഷ്ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കുകയും ചെയ്ത വ്യക്തിയാണ് ഇന്നസെന്‍റെന്ന് പ്രതിപക്ഷ നേതാവ് വി. ടി സതീശനും അനുസ്മരിച്ചു.

‘പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്’ ഇന്നസെന്‍റിന്‍റെ വേര്‍പാടില്‍ മോഹന്‍ലാലിന്‍റെ ആദ്യപ്രതികരണം ഇത്രമാത്രം. ഒരുപക്ഷേ മലയാള സിനിമയിലെ ഇന്നസെൻ്റ്-മോഹൻലാൽ കോമ്പോ ആർക്കും മറക്കാനാകുന്നതല്ല. ദേവാസുരം മുതൽ തുടങ്ങിയ ആ യാത്രയിൽ പിന്നീട് കാണാനായത് ആരെയും കൊതിപ്പിക്കും തരത്തിലുള്ള സ്നേഹ ബന്ധങ്ങളുടെ നേർകാഴ്ചയായിരുന്നു.

‘എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും’. മോഹന്‍ലാല്‍ വികാരാധീനനായി ഫേസ്ബുക്കില്‍ കുറിച്ചു.

നീണ്ട പതിനെട്ടു വര്‍ഷത്തോളം താരസംഘടനയെ നയിച്ച ഇന്നസെന്‍റിന് മോഹന്‍ലാലിനു പുറമേ സിനിമാരംഗത്തുനിന്നും നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. ”വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു… കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു. പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും….’ – നടൻ ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.

“ഇന്ത്യൻ സിനിമയ്‌ക്ക് മറ്റൊരു വലിയ നഷ്ടം. മൂന്ന് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ഒരു സാഹോദര്യത്തിന് വിരാമമിട്ടതിനാൽ ഈ നിമിഷം എനിക്ക് വാക്കുകൾ കിട്ടാതെ പോവുന്നു. അദ്ദേഹത്തെ പരിചയപ്പെടാനും നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് സ്ക്രീൻ സ്പേസ് പങ്കിടാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ,” ജയറാം അനുസ്മരിച്ചു.“

നമ്മുടെ നക്ഷത്രക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള താരമായിരുന്നുവെന്നാണ് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്.

“സിനിമാ ചരിത്രത്തിലെ ഒരു ഐതിഹാസിക അദ്ധ്യായത്തിന് അന്ത്യം! നിത്യശാന്തി നേരുന്നു, ഇതിഹാസമേ,” പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. അതേ… മലയാള സിനിമയിലെ ഒരു ഐതിഹാസിക അദ്ധ്യായത്തിന് അന്ത്യം കുറിച്ചിരിക്കുന്നു. ആദരാജ്ഞലികള്‍!

Latest News