തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 21,000 കവിഞ്ഞു. ഭൂകമ്പം നടന്ന് 100 മണിക്കൂര്‍ പിന്നിടുമ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ ഭൂകമ്പത്തിന് പിന്നാലെ പ്രസിഡന്റ് രജപ് തയ്യിബിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. രക്ഷാപ്രവര്ത്തനങ്ങളിലുണ്ടായ വീഴ്ചകളാണ് ജനരോഷത്തിനിടയാക്കിയത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിയതിലും കാര്യക്ഷമമല്ലാത്തതിലും ‘സര്‍ക്കാരില്‍ ലജ്ജിക്കുന്നു’ എന്നാണ് ജനങ്ങളുടെ പ്രതികരണം. ഹകന്‍ ടണ്രിവെര്ദി എന്ന ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനടക്കം പ്രസിഡന്റിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇനി വോട്ട് ആവശ്യപ്പെട്ട് ഇങ്ങോട്ട് വരരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഭൂകമ്പത്തിന്റെ രണ്ടാം ദിവസം ഉച്ച വരെ ആരും സഹായവുമായി ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് എത്തിയിരുന്നില്ല എന്നും ആരോപണങ്ങളുണ്ട്.
ഭൂകമ്പബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം രക്ഷാപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിരുന്നുവെന്ന് പ്രസിഡന്റ് തുറന്ന് സമ്മതിച്ചിരുന്നു. ഇത്തരമൊരു ദുരന്തം അപ്രതീക്ഷിതമായിരുന്നെന്നും തയ്യാറാവുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആദ്യ ഘട്ടത്തിലെ വീഴ്ചക്ക് ശേഷം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.