കേരളത്തിലെ 111 ജലാശയങ്ങളില്‍ കയ്യേറ്റം നടന്നതായി കേന്ദ്രത്തിന്റെ ജലസെന്‍സസ് റിപ്പോര്‍ട്ട്. കുളങ്ങളും തടാകങ്ങളും അടക്കമുള്ള കെട്ടിനിര്‍ത്തിയ ജലാശയങ്ങളുടെ എണ്ണത്തില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ടിലുണ്ട്. പശ്ചിമ ബംഗാളാണ് ഒന്നാം സ്ഥാനത്ത്.
രാജ്യത്തെ ആദ്യത്തെ ജലസെന്‍സസ് റിപ്പോര്‍ട്ടാണ് ജലശക്തി മന്ത്രാലയം പ്രസിദ്ധീകരിച്ചത്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി പണിതവയും, നദി, സമുദ്രം തുടങ്ങിയവയേയും ഒഴിവാക്കിയുള്ള ജലാശയങ്ങളുടെ കണക്കാണ് സെന്‍സസില്‍ ഉള്‍പ്പെടുത്തിയത്. ടാങ്കുകള്‍, റിസര്‍വോയറുകള്‍, കുളങ്ങള്‍, മുതലായവയവ ഇതില്‍ ഉള്‍പ്പെടും. കേരളത്തില്‍ ഇത്തരത്തിലുള്ള 111 ജലാശയങ്ങളില്‍ കയ്യേറ്റം നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 87 ശതമാനവും കുളങ്ങളാണ്.
ജലാശയങ്ങളുടെ എണ്ണമെടുത്താല്‍ പന്ത്രണ്ടാം സ്ഥാനത്താണ് കേരളം. എഴു ലക്ഷത്തി നാല്പത്തി ഏഴായിരത്തി നാനൂറ്റി എണ്പത് ജലസ്രോതസ്സുകള്‍ ഉള്ള പശ്ചിമ ബംഗാള്‍ ആണ് ഒന്നാം സ്ഥാനത്ത്. കേരളത്തില്‍ 49725 ജലാശയങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ ജലാശയങ്ങളുള്ള 30 ജില്ലകളില്‍ കേരളത്തില്‍ നിന്ന് ഒരു ജില്ല പോലുമില്ല.