ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ബിനു കുന്നത്ത് ആവശ്യപ്പെട്ടു. സർക്കാരും പൊതുസമൂഹവും ഈ സാഹചര്യത്തിൽ ഒത്തൊരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രസ്താവനയുടെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.
നമ്മുടെ ആശുപത്രികളെ തൊഴിൽ സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുകയും ആശുപത്രി സംരക്ഷണ നിയമത്തിൽ കാതലായ മാറ്റം കൊണ്ടുവരികയും ചെയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതാണ്
കഴിഞ്ഞ ദിവസം കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ നടന്ന സംഭവത്തിൽ നിന്ന് നമ്മൾ തിരിച്ചറിയേണ്ടത് .
ആത്മവിശ്വാസത്തോടെ, സുരക്ഷിതത്വ ബോധത്തോടെ ആശുപത്രികളിൽ ജോലിചെയ്യുവാനുള്ള അവസരം ആരോഗ്യ പ്രവർത്തകർക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ് . ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർ ആക്രമണങ്ങൾക്ക് വിധേയരാകുന്നത് ഇന്ന് കേരളത്തിൽ സർവ്വസാധാരണമായിരിക്കുകയാണ് .തുടരെ തുടരെ ഉണ്ടാകുന്ന ഇത്തരം ആശുപത്രി ആക്രമണങ്ങൾ ജീവൻ പണയം വെച്ചും നമ്മളെ കാത്തുസൂക്ഷിക്കുന്ന ഡോക്ടറും, നേഴ്സും ഉൾപ്പെടെഉള്ള ആരോഗ്യപ്രവർത്തകരെ ജനങ്ങളിൽ നിന്ന് അകറ്റി എല്ലാം മുറ പോലെ എന്ന അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിക്കും.ഈ ഡിഫെൻസീവ് മെഡിസിൻ പോളിസി ആർക്കും ഭൂഷണമായിരിക്കുകയില്ല .
സർക്കാരും പൊതുസമൂഹവും ഒത്തൊരുമിച്ചു ഈ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടത് .ആരോഗ്യ പ്രവർത്തകരും സാധാരണ മനുഷ്യരാണ്. നമുക്ക് ഒത്തൊരുമിച്ച് നല്ല ആരോഗ്യത്തിനായി , നല്ല നാളെക്കായി സഹോദര തുല്യം പ്രവർത്തിക്കാം.
ഫാ.ബിനു കുന്നത്ത്. കാരിത്താസ് ഹോസ്പിറ്റൽ