കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ ഊര്‍ജകാര്യക്ഷമതാ സൂചികയില്‍ മുന്നില്‍. കേരളം, രാജസ്ഥാന്, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുളളത്. തിങ്കളാഴ്ച കേന്ദ്ര ഊര്‍ജമന്ത്രാലയം പ്രസിദ്ധീകരിച്ച സ്റ്റേറ്റ് എനര്‍ജി എഫിഷ്യന്‍സി ഇന്‍ഡക്സിലാണ് ഇക്കാര്യം അറിയിച്ചത്. ഈ സംസ്ഥാനങ്ങള്‍ 60 പോയന്റുമായാണ് ഒന്നാംനിരയിലെത്തിയത്. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും അലയന്‍സ് ഫോര്‍ എനര്‍ജി എഫിഷ്യന്‍സി ഇക്കോണമിയും ചേര്‍ന്നാണ് ഇതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേന്ദ്ര ഊര്‍ജ മന്ത്രി ആര് കെ സിംഗ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഊര്‍ജരംഗത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, ആസൂത്രണം, നിരീക്ഷണം എന്നിവ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അതേസമയം മഹാരാഷ്ട്ര, പഞ്ചാബ്, അസം, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങള്‍ 50 നും 60 നും ഇടയില്‍ പോയിന്റ് നേടി പട്ടികയില്‍ ഇടം പിടിച്ചു. കര്‍ണാടക, ആന്ധ്രാപ്രദേശ്, അസം, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഊര്‍ജരംഗത്തെ വൈദ്യുതിമിച്ചം ഉറപ്പാക്കാനും കാര്യക്ഷമത ഉറപ്പാക്കാനുമുളള ലക്ഷ്യമാണ് സൂചിക തയ്യാറാക്കാന്‍ കാരണമെന്ന് ബിഇഇ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.