Sunday, November 24, 2024

രാജ്യാന്തര തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ സമ്പൂര്‍ണ്ണ മാറ്റമുണ്ടാകും: ഡോ. എം.എസ്. രാജശ്രീ

ആധുനിക കാലഘട്ടത്തിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ ഉള്‍ക്കൊണ്ടും രാജ്യാന്തര തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ചും എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് കേരളം പ്രതിജ്ഞാബദ്ധമാണെന്ന് എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ. എം. എസ്. രാജശ്രീ പറഞ്ഞു.

കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ സാങ്കേതിക വിദ്യാഭ്യാസം-സാധ്യതകള്‍ പ്രതിസന്ധികള്‍ ഭാവിപ്രതീക്ഷകള്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. എം. എസ്. രാജശ്രീ. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരണം. ഇതിന് കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. തൊഴില്‍ മേഖലകളിലെ ആവശ്യകതയും ലക്ഷ്യമാക്കിയുള്ള സിലബസ് പരിഷ്‌ക്കരണങ്ങള്‍ അനിവാര്യമാണെന്നും വൈസ്ചാന്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.

കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.കെ.ബിജു എക്സ് എം.പി. മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളെ പ്രതിനിധീകരിച്ച് എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധരും പ്രഗത്ഭരുമായ ഡോ. നിക്സണ്‍ കുരുവിള, ഡോ. കെ. കെ. രാജന്‍, ഡോ. സജീവ് ജോണ്‍, ഡോ. ലില്ലിക്കുട്ടി ജേക്കബ്, പ്രൊ. പോള്‍ ആന്‍സെല്‍ വി., ഡോ. ബേഷിബ വില്‍സണ്‍, ഡോ. എ. സാംസണ്‍, ഡോ. എബ്രാഹം ടി മാത്യു, റവ. ഡോ. ജോസ് കണ്ണമ്പുഴ, ഡോ. വി. പി. ദേവസ്യാ, ഡോ. പോള്‍ കെ. മാത്യു, ഡോ. ജോബിന്‍ കെ. ആന്റണി എന്നിവര്‍ ആധുനിക കാലഘട്ടങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കേണ്ട അടിയന്തര പരിഷ്‌കാരങ്ങളെക്കുറിച്ചും ദേശീയ രാജ്യാന്തര സാധ്യതകളെക്കുറിച്ചുമുള്ള പ്രതികരണങ്ങള്‍ പങ്കുവെച്ചു.

വെബിനാറിന്റെയും വിവിധ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലും, പ്രത്യേകിച്ച് എഞ്ചിനീയറിംഗ് പഠനരംഗത്തും കേരളം വരുത്തേണ്ട പരിഷ്‌കാരങ്ങളും മാറ്റങ്ങളും നിര്‍ദ്ദേശിക്കുന്ന വിശദമായ പഠനറിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ സമര്‍പ്പിക്കുമെന്ന് എക്സിക്യൂട്ടിവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍ പറഞ്ഞു.

 

Latest News