Saturday, April 5, 2025

ഇല്ലായ്മകളിലും സ്ത്രീസമൂഹത്തിന് പ്രചോദനം പകർന്നുകൊണ്ട് ഇംഗ്ലണ്ടിലെ വനിതാ ഫുട്‌ബോൾ താരം

എല്ലാവിധ സൗകര്യങ്ങളുടെയും നടുവിൽ സന്തോഷം കണ്ടെത്തുക, മികച്ച വിജയം നേടുക ഏതൊരാൾക്കും സാധ്യമാണ് ഇവയൊക്കെ. എന്നാൽ ഇല്ലായ്മകളുടെ നടുവിൽ പ്രതിസന്ധികളോട് പൊരുതി വിജയം നേടാൻ മനോധൈര്യവും നിശ്ചയദാർഢ്യവും ഒരല്പം ആത്മവിശ്വാസവും വേണം. അത്തരത്തിൽ പ്രതിസന്ധികൾക്കിടയിലും തളരാതെ മുന്നോട്ടു കുതിക്കുകയും ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനം നൽകുകയും ചെയ്ത വ്യക്തിയാണ് ഫാറ വില്യംസ് എന്ന ഫുട്‌ബോൾ താരം.

പ്രതിസന്ധികളെ തരണം ചെയ്യാൻ കരുത്ത് നൽകിയ സ്വപ്നം

2022- ലെ യുവേഫ വനിതാ യൂറോ ഫൈനലിൽ ഇംഗ്ലണ്ട് വിജയിച്ചതിനു ശേഷം, രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ഫാറ. ഫൈനലിൽ ഇംഗ്ലണ്ട് ജയിക്കുന്നതിനു കാരണമായ മുന്നേറ്റം നടത്തിയ ഈ താരം ലോകമെമ്പാടുമുള്ള വനിതാ ഫുട്‌ബോൾ ആരാധകരുടെ മനം കവർന്നിരുന്നു. എന്നാൽ കളിക്കളത്തിലെ വിജയത്തിനപ്പുറം ജീവിതത്തിൽ പോരാട്ടവീര്യം നിറച്ച വില്യംസിന്റെ ജീവിതം അനേകർക്ക്‌ പ്രചോദനമാവുകയാണ്. ഫുട്ബോളിനോടുള്ള അവളുടെ താല്പര്യം ഏതു പ്രതിസന്ധികളെയും അതിജീവിക്കാൻ അവളെ പ്രാപ്തയാക്കി എന്നുവേണം പറയാൻ. ചെറുപ്പത്തിൽ വില്യംസിന്റെ സ്വപ്നങ്ങളിൽ കാൽപ്പന്ത് ഉരുണ്ടുതുടങ്ങിയപ്പോൾ മുതൽ അവൾ തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയും പരിശ്രമവും ആരംഭിക്കുകയായിരുന്നു.

“സ്കൂൾ വിട്ടു വന്നിട്ട് വേഗം ഗൃഹപാഠമൊക്കെ ചെയ്തുതീർക്കും. പിന്നീട് ഫുട്ബോൾ കളിക്കുന്നതിനുള്ള സമയമാണ്. ഇരുട്ടുന്നതു വരെ മണിക്കൂറുകളോളം ഞാൻ പന്ത് തട്ടിക്കളിക്കും. ആദ്യം ചെറിയ ആൺകുട്ടികൾക്കൊപ്പമായിരുന്നു ഫുട്ബാൾ പരിശീലിച്ചത്” – വില്യംസ് പറയുന്നു.

പരിശീലനത്തോടുള്ള അർപ്പണബോധം, അവൾക്ക് 12 വയസുള്ളപ്പോൾ ചെൽസി അണ്ടർ 14 ടീമിൽ ഇടം നേടിക്കൊടുത്തു, എന്നാൽ വില്യംസിനെയും അവളുടെ മൂന്ന് സഹോദരങ്ങളെയും ഒറ്റയ്ക്ക് വളർത്തിയ അമ്മ, അവളുടെ ഫുട്ബോൾ ബൂട്ടുകൾക്ക് പണം കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി. സ്വന്തമായി ഒരു വീടില്ലാതിരുന്ന വില്യംസും കുടുംബവും ആദ്യം മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെയാണ് കഴിഞ്ഞിരുന്നത്. എന്നാൽ വൈകാതെ അവൾക്ക് അവരുടെ അടുത്തു നിന്നും മാറേണ്ടിവന്നു; അവൾ ഭവനരഹിതയായി മാറി.

പ്രതിസന്ധികൾ ഏറെ ഉണ്ടായിരുന്നിട്ടും ഫുട്‌ബോൾ എന്ന തന്റെ സ്വപ്നനത്തിൽ നിന്നും അവൾ പിന്നോട്ട് പോയില്ല. പലയിടങ്ങളിലായി താമസിച്ചുകൊണ്ട് അവൾ കഠിനമായി പരിശീലനത്തിൽ ഏർപ്പെട്ടു. 2001- ൽ, അവൾ ഭവനരഹിതയായ അതേ വർഷം തന്നെ പോർച്ചുഗലിനെതിരെ ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം നടത്തി. മൂന്നു മാസങ്ങൾക്കു ശേഷം അവൾ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി തന്റെ സാന്നിധ്യം അറിയിച്ചു. പിന്നീടങ്ങോട്ട് വില്യംസിന്റെ നാളുകളായിരുന്നു.

ചാൾട്ടണുമായുള്ള ആദ്യ സീസണിൽ, അവരുടെ പ്ലെയർ ഓഫ് ദ ഇയർ ആയി അവൾ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, 2002- ൽ ഫുട്ബോൾ അസോസിയേഷന്റെ (എഫ്എ) യംഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡും വില്യംസിനെ തേടിയെത്തി. 2003- ലും 2004- ലും തുടർച്ചയായി എഫ്എ കപ്പ് ഫൈനലുകൾക്ക് പരാജയപ്പെട്ടുവെങ്കിലും 2004- ൽ എഫ്എ വനിതാ പ്രീമിയർ ലീഗ് കപ്പ് സ്വന്തമാക്കാൻ വില്യംസിനും ടീമിനും കഴിഞ്ഞു.

പകൽ ഫുട്‌ബോൾ കളിക്കാരിയായി; രാത്രി ഭവനരഹിതയും

പകൽസമയങ്ങളിൽ വില്യംസ് മികച്ച കളിക്കാരി ആയി ഗ്രൗണ്ടുകളിൽ നിറഞ്ഞുനിന്നു. എന്നാൽ രാത്രിയിൽ അവൾക്ക് വീടിന്റെ സുരക്ഷിതത്വം നൽകാൻ ഇടമില്ലായിരുന്നു. പലപ്പോഴും ഹോസ്റ്റലുകളിലും മറ്റും അവൾ അന്തിയുറങ്ങി. ഹോസ്റ്റലുകൾ തേടിയുള്ള യാത്രയിൽ പലരും മറ്റു പല ഉദ്ദേശത്തോടെയും അവളെ സമീപിച്ചുവെങ്കിലും അവയ്ക്കെല്ലാം ധീരമായ താക്കീത് നൽകി വില്യംസ് മുന്നോട്ടു പോയി. പലതരത്തിലുള്ള പ്രതിസന്ധികളും വില്യംസിന് നേരിടേണ്ടിവന്നു. എങ്കിലും അവൾ തളർന്നില്ല.

ഒരു സുരക്ഷിതസ്ഥാനത്തിനായി അവൾ അതിയായി ആഗ്രഹിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ അണ്ടർ 19 ടീമിനായി ഒരു പരമ്പര കളിച്ചതിനു ശേഷമാണ് ഹോട്ടലിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിക്കാൻ വില്യംസിന്റെ വിമുഖത അവളുടെ കോച്ച് ആയിരുന്ന ഹോപ്പ് പവൽ ശ്രദ്ധിക്കുന്നത്. അദ്ദേഹം അവളെക്കുറിച്ച് കൂടുതൽ മനസിലാക്കുകയും അവൾക്കായി ഒരു താൽക്കാലിക സുരക്ഷിതസ്ഥാനം ഏർപ്പെടുത്തുകയും ചെയ്തു. കൂടാതെ, കളിയിലെ അടിസ്ഥാന പരിശീലനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്തു. ഇതോടെ ആരുമില്ലാതെ ഒറ്റപ്പെട്ടു കഴിയേണ്ടിവന്നിരുന്ന വില്യംസിന് വിശ്വസിക്കാവുന്ന ഒരാൾ കൂടെയുണ്ടെന്ന ആശ്വാസമാണ് ലഭിച്ചത്.

തുടർന്ന്, 2004- ൽ, വില്യംസ് വടക്ക് എവർട്ടണിലേക്കു മാറി. അവിടെ അവളുടെ പുതിയ പരിശീലകനായ മോ മാർലിയുടെ പിന്തുണയോടെ അവൾ ഒരു കമ്മ്യൂണിറ്റി കോച്ചായി മാറി. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം അവൾ യാഥാർത്ഥ്യമാക്കി.

കരിയറിൽ മികച്ച നേട്ടങ്ങൾ

എവർട്ടണിലേക്കു മാറിയ വില്യംസ്, ആരാധകരുടെ രാജ്ഞി ആയിരുന്നു. 122 മത്സരങ്ങൾ കളിക്കുകയും 70 ഗോളുകൾ നേടുകയും ചെയ്തു. 2008- ൽ പ്രീമിയർ ലീഗ് കപ്പും 2010- ൽ എഫ്.എ കപ്പും നേടാൻ വില്യംസിന്റെ സഹായത്തോടെ ടീമിനു കഴിഞ്ഞു. കളിയിലെ ഈ മികവ് 2009- ൽ മികച്ച പ്ലെയറിനുള്ള അവാർഡ് വില്യംസിന് നേടിക്കൊടുത്തു. പിന്നീട് അന്താരഷ്ട്രതലത്തിൽ നിരവധി മത്സരങ്ങൾ കളിക്കാനും മികച്ച പ്ലേയർ എന്ന പദവിയും പുരസ്കാരവും നേടിയെടുക്കാനും വില്യംസിനു കഴിഞ്ഞു.

2001- നും 2019- നുമിടയിൽ ഇംഗ്ലണ്ടിനായി 172 മത്സരങ്ങൾ കളിച്ച് റെക്കോർഡ് നേടിയ വില്യംസ് തന്റെ ഏറ്റവും ദൃഢമായ സാന്നിധ്യം സൃഷ്ടിച്ചത് അന്താരാഷ്ട്ര ഫുട്ബോളിലാണ്. ഏകദേശം രണ്ട് പതിറ്റാണ്ടുകളിലായി അവൾ ഏഴ് പ്രധാന ടൂർണമെന്റുകളിൽ കളിച്ചു – നാല് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളും മൂന്ന് ലോകകപ്പുകളും. 2009- ൽ യൂറോയുടെ ഫൈനലിൽ ജർമ്മനിയോടു തോറ്റ ഇംഗ്ലണ്ട് ടീമിലും 2015- ൽ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ടീമിലും വില്യംസ് ഉണ്ടായിരുന്നു.

തുടർന്ന് തന്റെ മുപ്പത്തിയേഴാം വയസിൽ അവൾ അനാരോഗ്യം മൂലം കളിക്കളത്തിൽ നിന്നും വിടവാങ്ങി. പരാജയങ്ങളുടെ പേരിലോ, മോശം പ്രകടനങ്ങളുടെ പേരിലോ, നേടിയ പുരസ്‌കാരങ്ങളുടെ പേരിലോ അല്ല വില്യംസ് ലോകത്തെ കീഴടക്കിയത്. മറിച്ച് ഇല്ലായ്മയിൽ നിന്നും കഠിനാദ്ധ്വാനത്തിലൂടെ ഉയരങ്ങളിലേക്ക് കുതിച്ചുകയറിയ പടക്കുതിരയായിട്ടാണ് അവൾ അറിയപ്പെടുന്നത്.

Latest News