പന്ത്രണ്ടു വര്‍ഷത്തില്‍ ഒരുതവണ പൂക്കുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്. കുറിഞ്ഞിച്ചെടികളും പൂക്കളും കൈവശം വയ്ക്കുന്നതും നശിപ്പിക്കുന്നതും ഇനി മുതല്‍ ശിക്ഷാര്‍ഹമായ പ്രവൃത്തിയാണ്. സ്വന്തമായി നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും നിരോധിച്ചു.
നിയമം തെറ്റിക്കുന്ന ആളകളെ 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യും. മൂന്നു വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ഏഴു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.
പശ്ചിമഘട്ടത്തില്‍പെട്ട മൂന്നാര്‍, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ മാത്രം കണ്ടുവരുന്നവ ആണ് നീലക്കുറിഞ്ഞി. ഇവയുടെ ശാസ്ത്രീയ നാമം സ്‌ട്രോബിലാന്തസ് കുന്തിയാന എന്നാണ്. രാജ്യത്ത് 6 സസ്യങ്ങള്‍ മാത്രമാണ് ഇതുവരെ സംരക്ഷിത വിഭാഗത്തില്‍ ഉണ്ടായിരുന്നത്. പുതിയ പ്രഖ്യാപനത്തില്‍ 19 ഇനം സസ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി. ഇതില്‍ ഒന്നാം സ്ഥാനത്ത് നീലക്കുറിഞ്ഞിയാണ്.
ഒന്നു മുതല്‍ 12 വര്‍ഷം വരെയുള്ള ഇടവേളകളില്‍ പൂക്കുന്ന 64 ഇനം നീലക്കുറിഞ്ഞികളാണു പശ്ചിമഘട്ടത്തിലുള്ളത്. ഇതില്‍ 47 എണ്ണം മൂന്നാറിലുണ്ട്. 2030 ല്‍ ആണ് അടുത്ത നീലക്കുറിഞ്ഞി പൂക്കുന്നത്. ഇനി അടുത്ത നീലക്കുറിഞ്ഞി വസന്ത കാലത്ത് പോയിക്കണ്ട് ആസ്വദിച്ചുവരാന്‍ മാത്രമേ സാധിക്കുകയുള്ളൂ. നീലക്കുറിഞ്ഞി പറിച്ചാല്‍ ഉറപ്പായും ശിക്ഷ ലഭിക്കും.