Sunday, November 24, 2024

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിനെ യു. കെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രശസ്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിനെ യു. കെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. എണ്ണ, ഗ്യാസ് കമ്പനികള്‍ക്കെതിരായി ലണ്ടനില്‍ നടന്ന പ്രതിഷേധത്തെ ഗ്രെറ്റ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ലണ്ടനിലെ നഗരമധ്യത്തില്‍ നിന്നാണ് ഗ്രെറ്റയെ കസ്റ്റഡിയിലെടുത്തത്.

‘Oily Money Out’ എന്ന മുദ്രാവാക്യം എഴുതിയ ബാഡ്ജ് ധരിച്ച് സമരം ചെയ്യുന്ന ഗ്രെറ്റയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഹോട്ടലിന്റെ പ്രവേശന കവാടത്തില്‍ ‘ബിഗ് ഓയില്‍ പേ’ എന്നെഴുതിയ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഈ സമയം രണ്ടു പൊലീസുകാര്‍ ഗ്രെറ്റയോട് സംസാരിക്കുന്നതും ഒരാള്‍ അവരുടെ കൈകള്‍ പിടിക്കുന്നതും വീഡിയോയില്‍ കാണാമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ മെയ്‌ഫെയറിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിനുള്ളില്‍ കയറുകയും കെട്ടിടത്തിനുള്ളില്‍ നടക്കുന്ന എണ്ണ, ഗ്യാസ് കമ്പനി പ്രതിനിധികളുടെ സമ്മേളനത്തില്‍ പ്രതിഷേധം നടത്തി/le/f പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, ഗ്രെറ്റയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷം നേരത്തെ സ്വീഡനിലും നോര്‍വെയിലും ജര്‍മ്മനിയിലും പ്രതിഷേധ പരിപാടികളില്‍ നിന്നും ഗ്രെറ്റയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 2018ല്‍ സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ ഒരാഴ്ച നീണ്ട സമരം ചെയ്തതോടെയാണ് ഗ്രെറ്റ ലോകശ്രദ്ധയിലേക്ക് വരുന്നത്. കാലാവസ്ഥ വിഷയങ്ങളുയര്‍ത്തി പ്രതിഷേധിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ മുഖമാണ് ഗ്രെറ്റ തന്‍ബര്‍ഗ്.

Latest News