വിഷുക്കാലമെത്തിയതിനാൽ പടക്കങ്ങൾ ഉൾപ്പടെയുള്ള സ്ഫോടന സാധ്യതയുള്ള വസ്തുക്കൾ ട്രെയിനിൽ പ്രവേശിപ്പിക്കുന്നത് വിലക്കി റെയിൽവേ. ഏലത്തൂർ ട്രെയിൻ തീവപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നിയമങ്ങൾ കടുപ്പിച്ച് റെയിൽവേ രംഗത്തെത്തിയത്. നിയമ ലംഘനം പിടിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവു ശിക്ഷ ലഭിക്കും.
മാഹി, കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിഷുക്കാലത്ത് വ്യാപകമായി പടക്കങ്ങൾ കടത്തുന്നത് പതിവാണ്. ഇത്തരത്തിൽ കൊണ്ടുവരുന്നവ ഏതെങ്കിലും കാരണത്താൽ തീ പിടിച്ചാൽ അത് വലിയ അപകടത്തിനു ഇടയാക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് റെയിൽവേയുടെ ഇടപെടൽ.
അതേസമയം, വിഷയത്തിൽ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധനയും ബോധവത്കരണവും ആരംഭിച്ചിട്ടുണ്ട്.