Friday, April 4, 2025

ഈരാറ്റുപേട്ട-വാഗമണ്‍ റോഡ്: കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്തു

വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് നിര്‍മ്മാണ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്ത് പൊതുമരാമത്ത് വകുപ്പ്. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി.

പത്തു വർഷത്തോളമായി ജനങ്ങൾ യാത്രാക്ലേശം അനുഭവിക്കുന്ന റോഡാണ് ഈരാറ്റുപേട്ട-വാഗമണ്‍ റോഡ്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് എന്ന നിലയിലും നിരവധി പേർ ഈ റോഡിന്റെ പ്രശ്നം പൊതുമരാമത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടര്‍ന്ന് റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിന് നിരന്തരശ്രമങ്ങൾ നടത്തിയിരുന്നതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. പ്രമുഖ സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് അദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം 19.90 കോടി രൂപയാണ് റോഡ് നവീകരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. തുടർന്ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിച്ചെങ്കിലും നാളിതുവരെ 6 കിലോമീറ്റർ ബിഎം നിര്‍മ്മാണം മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂ. ഇതേ തുടര്‍ന്നാണ് നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോകുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരന്റെ കരാർ, ‘റിസ്‌ക് ആൻഡ് കോസ്റ്റ്’ വ്യവസ്ഥപ്രകാരം റദ്ദാക്കാനും കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ നിര്‍മ്മാണം പുനഃക്രമീകരിച്ച് സമയബന്ധിതമായി പൂർത്തീകരിക്കാനും തീരുമാനിച്ചത്. റിസ്ക് ആൻഡ് കോസ്റ്റ് ടെർമിനേഷനു വിധേയനായ കരാറുകാരനെതിരെ പൊതുമരാമത്ത് മാനുവൽപ്രകാരമുളള തുടർ നടപടികളും സ്വീകരിക്കുമെന്നും പൊതുമരാമത്ത് വ്യക്തമാക്കി.

Latest News