സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാർ റാഫേൽ തട്ടിൽ പിതാവ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയിൽ തന്റെ വികാരിയായി 2025 ജനുവരി 11 ന് നിയമിച്ചു. ജനുവരി ആറുമുതൽ 11 വരെ മുപ്പത്തിമൂന്നാമതു സിനഡിൻ്റെ ഒന്നാം സമ്മേളനത്തിലാണ് മാർ പാംപ്ലാനിയെ എറണാകുളം – അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ച് ബിഷപ്പിൻ്റെ വികാരിയായി തെരഞ്ഞെടുത്തിരിക്കുന്നത്. പരിശുദ്ധ പിതാവു സിനഡിൻ്റെ ഈ തെരഞ്ഞെടുപ്പിന് അപ്പസ്തോലിക് ന്യൂൺഷ്യോ വഴി അംഗീകാരം നൽകി. നിലവിൽ തലശ്ശേരി അതിരൂപതയുടെ മെത്രാപോലീത്തയായ മാർ പാംപ്ലാനി നിലവിലുള്ള തൻ്റെ ഉത്തരവാദിത്വത്തിനു പുറമേയായിരിക്കും പുതിയ ദൗത്യം നിർവഹിക്കുന്നത്.
എറണാകുളം – അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ സ്ഥാനത്തു നിന്നുള്ള മാർ ബോസ്കോ പുത്തൂരിൻ്റെ രാജി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. 2023 ഡിസംബർ ഏഴിനു നിയമിതനായ മാർ ബോസ്കോ പുത്തൂർ 2024 സെപ്റ്റംബറിലാണ് ആരോഗ്യകാരണങ്ങളാൽ തൻ്റെ രാജി സമർപ്പിച്ചത്. മെൽബൺ രൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നു വിരമിച്ച സാഹചര്യത്തിലായിരുന്നു എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി ബോസ്കോ പുത്തൂർ നിയമിതനായത്.
തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മാർ ജോസഫ് പാംപ്ലാനി 2017 നവംബർ 08 നാണ് മെത്രാനായി അഭിഷിക്തനായത്. 2022 ഏപ്രിൽ 22നു മാർ ജോസഫ് പാംപ്ലാനി അതിരൂപതയുടെ മെത്രാപ്പോലിത്തയായി. സീറോ മലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറിയും പെർമെനൻ്റ് സിനഡിലെ അംഗവുമാണ് മാർ പാംപ്ലാനി സീറോമലബാർ സഭയുടെ ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ, പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ അംഗം, കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ ചെയർമാൻ, ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷൻ അംഗം, ഏഷ്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷൻ അംഗം എന്നീ നിലകളിലും മാർ ജോസഫ് പാംപ്ലാനി സേവനമനുഷ്ഠിക്കുന്നു.