ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുടവും പേട്ടതുള്ളലും ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് വിവിധ മതസംഘടനകൾ ഉൾപ്പെടുന്ന സൗഹൃദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ വച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
കോവിഡ് കാലത്തെ ഇടവേളക്ക് ശേഷമുള്ള ചടങ്ങുകള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ നടത്തിയിരിക്കുന്നത്. പൊതുസമ്മേളനത്തിന് ശേഷം ചന്ദനക്കുട ഘോഷയാത്ര പള്ളിയങ്കണത്തിൽ നിന്നും ആരംഭിക്കും. ചെണ്ടമേളം, ബാൻഡ് സെറ്റ്, കൊട്ടക്കാവടി, ശിങ്കാരിമേളം, കഥകളി തുടങ്ങിയവയുടെ അകംമ്പടിയോടെയാണ് ഘോഷയാത്ര. രണ്ട് ഗജവീരന്മാരും ചന്ദനക്കുട ഘോഷയാത്രയിൽ പങ്കെടുക്കും.
അതേസമയം എരുമേലി പേട്ടതുള്ളൽ നാളെയാണ് (ബുധന്‍) നടക്കുക. രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലില്‍ ഇരുന്നൂറ് പേരാണ് പങ്കെടുക്കുന്നത്. ഒരു മണിക്ക് അമ്പലപ്പുഴ സംഘം ധർമ്മശാസ്ത ക്ഷേത്രത്തിൽ പ്രവേശിക്കും. 3 മണിക്ക് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ച് 6.30 ന് ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.