Tuesday, November 26, 2024

ആശുപത്രികളേയും രോഗികളേയും മനുഷ്യകവചമാക്കി ഹമാസ് ഭീകരര്‍; അപലപനീയമെന്ന് യൂറോപ്യന്‍ യൂണിയന്‍

ആശുപത്രികളേയും സാധാരണക്കാരായ ആളുകളേയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്ന ഹമാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന്‍. ഹമാസിന്റെ പ്രവര്‍ത്തികള്‍ അത്യന്തം അപലപനീയമാണെന്നും യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ജോസെപ് ബോറെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഹമാസിന്റെ ഭാഗത്ത് നിന്നുള്ള നീക്കങ്ങള്‍ ഇത്തരത്തിലുള്ളതാണെന്നിരിക്കെ, സാധാരണക്കാരായ ആളുകളെ സംരക്ഷിക്കുന്നതിന് വേണ്ടി ഇസ്രായേലും പരമാവധി സംയമനം പുലര്‍ത്തണമെന്നും യൂറോപ്യന്‍ യൂണിയന്‍ അഭ്യര്‍ത്ഥിച്ചു.

”ആശുപത്രികളിലേക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കണം. വൈദ്യസഹായം ആവശ്യമുള്ള രോഗികളെ സുരക്ഷിതമായി ഇത്തരത്തിലുള്ള ആശുപത്രികളില്‍ നിന്ന് ഒഴിപ്പിക്കുകയും വേണം. രോഗികളുടെ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തില്‍ അവരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്ന നീക്കങ്ങള്‍ അപലപനീയമാണ്. ആശുപത്രി ജീവനക്കാരേയും സാധാരണക്കാരേയും ഭയപ്പെടുത്തുന്ന കാര്യങ്ങളാണിത്. അതേപോലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുകയാണെന്നും” പ്രസ്താവനയില്‍ പറയുന്നു.

ആശുപത്രികളുടെ സമീപത്ത് കമാന്‍ഡ് സെന്ററുകളും, ഭൂഗര്‍ഭ കേന്ദ്രങ്ങളും ഹമാസ് സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേയും പുറത്ത് വന്നിരുന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അല്‍ ഷിഫയും അല്‍ ഖുദ്‌സും ഹമാസ് ഭീകരര്‍ ഇത്തരത്തില്‍ ദുരുപയോഗിച്ചിരുന്നു. ആവശ്യക്കാര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ കിട്ടാതായതോടെ ഈ ആശുപത്രികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആശുപത്രികള്‍ തങ്ങള്‍ കവചമായി ഉപയോഗിക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണെന്നാണ് ഹമാസിന്റെ വിശദീകരണം.

 

 

Latest News