Tuesday, November 26, 2024

റഷ്യൻ പൗരന്മാർക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ

മോസ്കോയുമായുള്ള വിസ കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ തീരുമാനിച്ചു. റഷ്യയിൽ നിന്നുള്ളവർക്ക് യൂണിയനിലെ അംഗരാജ്യങ്ങൾ സന്ദർശിക്കുന്നതിനുള്ള വിസ നടപടികൾ എളുപ്പമാക്കുന്ന കരാറാണ് നിർത്തലാക്കുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മുൻനിർത്തിയാണ് തീരുമാനം. പുതിയ നീക്കം യൂണിയൻ രാജ്യങ്ങളിലേക്കുള്ള വിസ പ്രക്രിയയെ കൂടുതൽ സങ്കീർണ്ണവും ചെലവേറിയതുമാക്കും.

ജൂലൈ പകുതി മുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് എത്തുന്ന റഷ്യക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇത് സുരക്ഷാ ഭീഷണിയായി മാറിയിരിക്കുന്നു എന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ജോസഫ് ബോറെൽ വ്യക്തമാക്കി. പുതിയ നടപടിയുടെ ഫലമായി അംഗരാജ്യങ്ങൾ റഷ്യൻ പൗരന്മാർക്ക് നൽകുന്ന വിസകളുടെ എണ്ണം ഗണ്യമായി കുറയും. റഷ്യയുമായി അതിർത്തി പങ്കിടുന്ന യൂറോപ്യൻ രാജ്യങ്ങളായ ഫിൻലാൻഡ്, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നിവയുടെ തുടർച്ചയായ സമ്മർദത്തിനൊടുവിലാണ് നിർണായകമായ തീരുമാനം. റഷ്യൻ വിനോദസഞ്ചാരികളെ നിരോധിക്കണമെന്ന ആശയത്തോട് പല അംഗരാജ്യങ്ങളും യോജിച്ചിക്കുന്നില്ല. തങ്ങളുടെ ആവശ്യം സമ്മതിച്ചില്ലെങ്കിൽ ഏകപക്ഷീയ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബാൾട്ടിക് രാജ്യങ്ങളും പോളണ്ടും നിലപാടെടുത്തു. അതേസമയം, റഷ്യൻ പൗരന്മാരെ നിരോധിക്കുന്നത് തിരിച്ചടിയാകുമെന്ന നിലപാടിലാണ് ജർമ്മനിയും ഫ്രാൻസും.

യൂറോപ്യൻ യൂണിയന്റെ വിസ നിയന്ത്രണം സ്വന്തം കാലിൽ വെടിയുതിർക്കുന്നതിന് തുല്യമാണെന്നും ഈ നീക്കത്തിന് മറുപടി നൽകാതെ പോകില്ലെന്നും റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലക്‌സാണ്ടർ ഗ്ലൂഷ്‌കോ പ്രതികരിച്ചു. യൂറോപ്യൻ യൂണിയനും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുകയാണ് പുതിയ തീരുമാനം.

Latest News