ചൈനയ്ക്കു കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന വാഗ്ദാനവുമായി യൂറോപ്യന്‍ യൂണിയന്‍. കടുത്ത കോവിഡ് നയം ലഘൂകരിച്ചതോടെ രാജ്യത്തു രോഗബാധ കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണു യൂറോപ്യന്‍ യൂണിയന്‍ ഹെല്‍ത്ത് കമ്മീഷണര്‍ സ്റ്റെല്ല കൈര്യാകിഡ്‌സിന്റെ വാക്‌സിന്‍ വാഗ്ദാനം.
ഇതിനോടു ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതു സംബന്ധിച്ച ചോദ്യത്തിന്, ചൈനയില്‍ വാക്‌സിനേഷന്‍ നിരക്കും ചികിത്സാസൗകര്യവും വര്‍ധിപ്പിക്കുകയാണെന്നും നിലവില്‍ ആവശ്യത്തിനു വാക്‌സിന്‍ രാജ്യത്തുണ്ടെന്നുമായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. എത്ര വാക്‌സിനാണു ചൈനയ്ക്കു വാഗ്ദാനം ചെയ്തതെന്നു യൂറോപ്യന്‍ യൂണിയന്‍ വെളിപ്പെടുത്തിയില്ല.
കഴിഞ്ഞ മാസം ജര്‍മനി ചൈനയിലേക്ക് 11,500 ബയോണ്‍ടെക് കോവിഡ് വാക്‌സിന്‍ ഡോസുകള്‍ കയറ്റി അയച്ചിരുന്നു. ചൈനയിലെ ജര്‍മന്‍ കന്പനികള്‍, കോണ്‍സുലേറ്റുകള്‍, എംബസി എന്നിവയില്‍ ജോലി ചെയ്യുന്ന ജര്‍മന്‍ പൗരന്മാര്‍ക്കുവേണ്ടിയാണു വാക്‌സിന്‍ നല്‍കിയത്. ഗുരുതര കോവിഡ് പ്രതിസന്ധിയിലൂടെയാണ് ചൈന കടന്നുപോകുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.