Monday, March 17, 2025

യൂറോപ്യൻ മേഖലയിൽ 25 വർഷത്തിനിടെ റിപ്പോർട്ട് ചെയ്യുന്നത് ഏറ്റവും ഉയർന്ന അഞ്ചാംപനി കേസുകൾ: ലോകാരോഗ്യ സംഘടന

അഞ്ചാംപനി കേസുകളിൽ 1997 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് യൂറോപ്യൻ മേഖലയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോ​ഗ്യ സംഘടനയും യു എന്നിന്റെ കുട്ടികളുടെ ഏജൻസിയായ യുണിസെഫും. ലോകാരോഗ്യ സംഘടനയും യുണിസെഫും നടത്തിയ വിശകലനത്തിൽ, 2024 ൽ യൂറോപ്യൻ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചാംപനി കേസുകളുടെ എണ്ണം 1,27,352 ആണ്. മുൻവർഷത്തെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്.

ഈ മേഖലയിൽ അഞ്ചാംപനി ബാധിച്ചവരിൽ 40% പേരും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളാണ്. 2023 ൽ അര ദശലക്ഷം കുട്ടികൾക്ക് അഞ്ചാംപനി വാക്സിനിലെ ആദ്യ ഡോസ് നഷ്ടമായെന്നും ഇതിൽ പറയുന്നു.

അഞ്ചാംപനി തിരിച്ചെത്തിയിരിക്കുന്നു എന്നും ഉയർന്ന വാക്സിനേഷൻ നിരക്കുകളില്ലാതെ ആരോഗ്യം സുരക്ഷിതമാകില്ല എന്നുമാണ് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിനായുള്ള റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് പി. ക്ലൂഗ് ഒരു പ്രസ്താവനയിൽ പറഞ്ഞത്.

നിരവധി രാജ്യങ്ങളിലെ വാക്സിനേഷൻ നിരക്കുകൾ വർധിച്ചിട്ടില്ല. ഇത് കൂടുതൽ പകർച്ചവ്യാധികൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. 2024 ൽ ആഗോളതലത്തിൽ അഞ്ചാംപനി കേസുകളിൽ മൂന്നിലൊന്ന് യൂറോപ്യൻ മേഖലയിലാണെന്ന് റിപ്പോർട്ട് പറയുന്നു. ബോസ്നിയ, ഹെർസഗോവിന, മോണ്ടിനെഗ്രോ, നോർത്ത് മാസിഡോണിയ, റൊമാനിയ എന്നിവിടങ്ങളിൽ സ്ഥിതി വളരെ രൂക്ഷമാണ്. 2023 ൽ വാക്സിനേഷൻ യോഗ്യരായ കുട്ടികളിൽ 80 ശതമാനത്തിൽ താഴെ പേർക്കു മാത്രമാണ് അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുള്ളത്. വൈറസിനെതിരായുള്ള ഏറ്റവും മികച്ച പ്രതിരോധ മാർഗം വാക്സിനേഷൻ മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News