ഇസ്രായേലിനു തിരിച്ചടി നല്‍കരുതെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ അഭ്യര്‍ഥന തള്ളി ഇറാന്‍. മേഖലയില്‍ സ്ഥിതി വഷളാകാതിരിക്കാന്‍ ഇസ്രായേലിനെ ആക്രമിക്കുന്നത് ഇറാന്‍ ഒഴിവാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ എന്നിവരാണു സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍ ഹമാസ്- ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കാന്‍ നാളെ ആരംഭിക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കു പിന്തുണ അറിയിച്ചു മൂന്ന് നേതാക്കളും രംഗത്തുവന്നു.
അതേസമയം കഴിഞ്ഞ മാസം ഹമാസ് മേധാവിയെ ടെഹ്‌റാനില്‍ വധിച്ച സംഭവത്തില്‍ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ വ്യക്തമാക്കി. എന്നാല്‍ ഗാസയിലെ ഇസ്രായേല്‍ അതിക്രമങ്ങളോടു പാശ്ചാത്യലോകം പുലര്‍ത്തുന്ന മൗനം നിരുത്തരവാദപരമാണെന്നും പറഞ്ഞു. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇസ്രായേലിനെ ആക്രമിക്കില്ലെന്ന സൂചനയും ഇതിനിടെ ഇറാന്‍ അധികൃതര്‍ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ഗാസ ചര്‍ച്ച ഫലപ്രദമാക്കാനായി ഇറാനെ സമാധാനിപ്പിച്ചു നിര്‍ത്താന്‍ ഇടപെടണമെന്ന് തുര്‍ക്കി അടക്കമുള്ള സഖ്യകക്ഷികളോട് യുഎസ് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ഗാസയില്‍നിന്നു ഹമാസിന്റെ റോക്കറ്റ് ടെല്‍ അവീവ് തീരത്തു വീണതായി ഇസ്രായേല്‍ പറഞ്ഞു. ഇക്കാര്യം ഹമാസും സ്ഥിരീകരിച്ചു. അതേസമയം ചെങ്കടലില്‍ 2 ചരക്കുകപ്പലുകള്‍ കൂടി ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.