റഷ്യക്കെതിരേ തിരിഞ്ഞ യുറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ തിരിച്ചടിയില്‍ ഇരുട്ടിലായിരിക്കുകയാണ്. യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം വെട്ടിക്കുറച്ച റഷ്യന്‍ നടപടി യൂറോപ്പിനെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യൂറോപ്പിലുടനീളം ഗ്യാസിന്റെ വില വര്‍ധിക്കാര്‍ ഈ നീക്കം കാരണമാകുകയും ചെയ്തു. ഫലമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും നിര്‍ബന്ധിതരായിരിക്കുകയാണ്.
പൊതുസ്മാരകങ്ങളിലെ ലൈറ്റുകള്‍ അണച്ചും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ ഹീറ്ററുകള്‍ ഓഫാക്കിയും ജര്‍മനി ഊര്‍ജ സംരക്ഷണ മാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചത് ഏതാനും ദിവസം മുമ്പാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പ്രകൃതിവാതകത്തിന്റെ ആവശ്യം ക്രമേണ കുറയ്ക്കാനും ശൈത്യകാലത്ത് ബ്ലാക്ക്ഔട്ടുകള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള യൂറോപ്യന്‍ യൂണിയന്റെ പദ്ധതിക്ക് അനുസൃതമാണ് രാജ്യത്തുടനീളം ഊര്‍ജ്ജ സംരക്ഷണ നടപടികള്‍.
അടുത്ത മാര്‍ച്ചോടെ ഊര്‍ജ ഉപഭോഗം 15 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം. പ്രകൃതിവാതകത്തിന്റെ വിതരണം റഷ്യ പൂര്‍ണമായും നിര്‍ത്തലാക്കിയാല്‍ ഉണ്ടായേക്കാവുന്ന സാഹചര്യം മറികടക്കുകയാണ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളിലൂടെ ജര്‍മനി ലക്ഷ്യമിടുന്നത്.
ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കടുത്ത ഊര്‍ജ്ജ ക്ഷാമമോ, ഉയര്‍ന്ന ഉപഭോഗമോ ഉണ്ടാകുകയാണെങ്കില്‍ നിര്‍ബന്ധിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ബന്ധിതമായേക്കാം. ഊര്‍ജ്ജ ഉപഭോഗം സ്വമേധയാ 15 ശതമാനം കുറയ്ക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ ആഹ്വാനം 17 അംഗരാജ്യങ്ങളില്‍ നിന്നുള്ള ഊര്‍ജ മന്ത്രിമാര്‍ അംഗീകരിച്ചപ്പോള്‍ ഹംഗറി മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ചില രാജ്യങ്ങളും നഗരങ്ങളും ശൈത്യകാലത്തിന് മുന്നോടിയായി ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.