യുക്രെയ്നില്‍ റഷ്യ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യയില്‍ നിന്നുള്ള ഡീസലിനും മറ്റ് പെട്രോളിയം ഉത്പന്നങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയന് വിലക്കേര്‍പ്പെടുത്തി. എണ്ണ വില്‍പ്പന വഴിയുള്ള ലാഭം യുദ്ധ ചെലവുകള്‍ക്ക് റഷ്യ ഉപയോഗിക്കുന്നത് തടയാനാണ് നീക്കം.
യൂറോപ്പിന്റെ ഡീസല്‍ ആവശ്യത്തിന്റെ പത്തുശതമാനം വിതരണം ചെയ്തിരുന്നത് റഷ്യയാണ്. ഈ വിടവ് നികത്താനായി യുഎസും ഗള്‍ഫ് രാജ്യങ്ങളുമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നുള്ള ഡീസല്‍ ഉപയോഗിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ നീക്കം.
യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഹര്‍കീവില്‍ റഷ്യ കഴിഞ്ഞ ദിവസം നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ യുക്രൈനിലെ ഡോണെറ്റ്സ്ക് മേഖലയില്‍ പോരാട്ടം തുടരുകയാണ്. തുറമുഖ നഗരമായ ഒഡേസയില്‍ വിതരണശൃഖല തകര്‍ന്നതിനെ തുടര്‍ന്ന് 3 ലക്ഷത്തോളം ആളുകള്‍ക്ക് വൈദ്യുതിയില്ലാത്ത സ്ഥിതിയാണ്.