പത്തു വർഷത്തിലേറെയായി ഇസ്രായേലിൽ ജോലിചെയ്യുന്ന ഫിലിപ്പീൻസുകാരിയാണ് 36-കാരിയായ മോണിക്ക ബിബോസോ. ആക്രമണം നടന്നിട്ട് ഒരുവർഷം പിന്നിടുമ്പോഴും ഓർമ്മകളിൽ കണ്ണീർനനവുമായാണ് അവർ അതിജീവനത്തിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്നത്. ചുറ്റുപാടും ഹമാസ് പോരാളികൾ ആക്രമിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു. അവർ വീട് വളയുകയും ജനാലകൾ തകർക്കുകയും വീടിനുള്ളിലേക്ക് തീയിടുകയും ചെയ്യുന്നു. ആ പ്രദേശത്ത് ഹമാസ് ആക്രമണത്തെ അതിജീവിച്ചവർ ബിബോസോയും അവർ ശുശ്രൂഷിച്ചിരുന്ന അമ്മയും മാത്രമാണ്. എങ്കിലും ചാവുകടലിനടുത്തുള്ള ഡേവിഡ് ഡെഡ് സീ റിസോർട്ടിലെ അവളുടെ മുറിയുടെ വാതിലിൽ ഇപ്പോഴും ആരെങ്കിലും മുട്ടിവിളിച്ചാൽ ഭയപ്പാടോടെയാണ് അവൾ വാതിൽ തുറക്കുന്നത്. തുടർന്ന് വായിക്കുക…
1,200-ഓളം പേരുടെ ജീവനപഹരിച്ച, 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന കൂട്ടക്കൊലയിൽ, ബിയേരിയിൽ 101 സാധാരണക്കാർ കൊല്ലപ്പെടുകയും 30 പേരെ ബന്ദികളാക്കി ഗാസയിലേക്കു കൊണ്ടുപോകുകയും ചെയ്തു; അവരിൽ 11 പേർ ഇപ്പോഴും ബന്ദികളായി തുടരുകയാണ്.
ബിബോസോ ആ അക്രമത്തെ അതിജീവിച്ചു എന്നുമാത്രമല്ല, അവൾ പരിപാലിക്കുന്ന 81 വയസ്സുള്ള, ഡിമെൻഷ്യ ബാധിച്ച എസ്റ്റർ റോട്ട് എന്ന പ്രായമായ സ്ത്രീയെ സംരക്ഷിക്കാനും അവൾക്കു കഴിഞ്ഞു. അവർ രണ്ടുപേർ മാത്രമാണ് ആ പ്രദേശത്ത് അക്രമത്തെ അതിജീവിച്ചവർ.
ഇസ്രായേലിൽ ഗാസ അതിർത്തിക്കടുത്തുള്ള കിബ്ബുട്ട്സ് ബിയേരിയിൽ ബോംബുകളുടെയും വെടിവയ്പ്പുകളുടെയും ശബ്ദം കേട്ടാണ് കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് പ്രഭാതത്തിൽ ബിബോസോ കണ്ണുകൾ തുറന്നത്. ഏഴും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മയായ ബിബോസോ ആ സമയത്ത് ദൈവത്തോട് പ്രാർഥിച്ചത്, “എന്നെ രക്ഷിച്ചില്ലെങ്കിലും എന്റെ മക്കളെ രക്ഷിക്കണമേ” എന്നായിരുന്നു. എങ്കിലും തന്റെ അനുഭവത്തോടൊപ്പം അനേകരുടെ കഷ്ടതകൾ ഈ ലോകത്തെ അറിയിക്കാനായി അവർ ഇപ്പോഴും അതിജീവനത്തിന്റെ പാതയിലാണ്.
ആക്രമണം നടന്ന് ആദ്യത്തെ കുറച്ചു മണിക്കൂറുകൾക്കുള്ളിൽത്തന്നെ ഫിലിപ്പീൻസിലുള്ള കുടുംബവുമായി ബന്ധപ്പെടാൻ ബിബോസോയ്ക്കു സാധിച്ചു. സഹോദരിയുടെ സംരക്ഷണയിൽ ഫിലിപ്പീൻസിലാണ് അവളുടെ മക്കൾ വളരുന്നത്. എന്നാൽ, ഫോണിന്റെ ബാറ്ററി തീർന്നതിനാൽ പിന്നീട് അവരെ ബന്ധപ്പെടാനും അവൾക്കു സാധിച്ചില്ല.
“സൈറണുകൾ കേട്ടപ്പോൾ ഞാൻ എസ്റ്ററിനെ ഉണർത്തി (ബിബോസോ എസ്റ്ററിന്റെ കെയർ ടേക്കറാണ്). വളരെ വേഗം അവരെ വസ്ത്രം മാറ്റിച്ച്, മരുന്നുകൾ നൽകി ഞങ്ങൾ വീടിന്റെ സുരക്ഷിതമുറിയിൽ അഭയംതേടി. സ്ഥിതി ഗുരുതരമാണെന്ന് ഞാൻ മനസ്സിലാക്കി. കാരണം, വെടിവയ്പ്പ് കൂടുതൽ അടുത്തുവരുന്നതായി എനിക്ക് കേൾക്കാമായിരുന്നു” – ബിബോസോ പറഞ്ഞു. എസ്റ്ററിന്റെ മക്കൾ, മുമ്പ് വീട്ടിൽ സ്ഥാപിച്ച നിരീക്ഷണക്യാമറകളിൽ ഹമാസ് തീവ്രവാദികൾ വീടിനുള്ളിൽ പ്രവേശിക്കുന്നതും തിരികെപ്പോകുന്നതും കാണിക്കുന്നുണ്ട്.
“ഏകദേശം 11 മണിയായപ്പോൾ ഹമാസ് പോരാളികൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് വീട് ആക്രമിച്ചു. എന്നാൽ അവർക്ക് സുരക്ഷാകേന്ദ്രം തുറക്കാൻ കഴിഞ്ഞില്ല. അവിടംകൊണ്ടും അവസാനിച്ചില്ല. തുടർന്ന് അവർ വീടിന് തീയിട്ടു. പുക കാരണം ഞങ്ങൾക്ക് ശുദ്ധവായു ലഭ്യമല്ലായിരുന്നു. ഞങ്ങളുടെ കൈവശം ഭക്ഷണമോ, വെള്ളമോ ഒന്നും ഉണ്ടായിരുന്നില്ല. മരിച്ചുപോകുമെന്നു ഞങ്ങൾക്ക് ഉറപ്പായിരുന്നു. പക്ഷേ, ഞാൻ പ്രാർഥിക്കുന്നത് തുടർന്നു” – ആശ്വാസത്തോടെ അവർ പറയുന്നു.
രക്ഷപെട്ടതിനുശേഷം ബിബോസോയും എസ്റ്ററും ഒരുദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് കിബ്ബുട്ട്സ് ബീറിയിലെ, അതിജീവിച്ച താമസക്കാർക്കൊപ്പം അവർ ഒരു ഹോട്ടലിലേക്കു മാറ്റി. ബിബോസോയുടെ പത്തോളം സഹപ്രവർത്തകരും അവരിൽ ഉൾപ്പെടുന്നു. എങ്കിലും ചാവുകടലിനടുത്തുള്ള ഡേവിഡ് ഡെഡ് സീ റിസോർട്ടിലെ അവളുടെ മുറിയുടെ വാതിലിൽ ഇപ്പോഴും ആരെങ്കിലും മുട്ടിവിളിച്ചാൽ ഭയപ്പാടോടെയാണ് അവൾ വാതിൽ തുറക്കുന്നത്.
ആക്രമണത്തെ അതിജീവിച്ചെങ്കിലും കഴിഞ്ഞ ഒരു വർഷമായി, ബിബോസോയ്ക്ക് മനഃശാസ്ത്രവിദഗ്ദ്ധരുടെ സേവനം ലഭിക്കുന്നു. അതിനാൽ, ഓർമ്മകൾ, ഭയം, ഉത്കണ്ഠ, പേടിസ്വപ്നങ്ങൾ എന്നിവയെ അതിജീവിക്കാനും എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാനും അതിനെക്കുറിച്ചു സംസാരിക്കാനും അവൾക്ക് ഇപ്പോൾ സാധിക്കുന്നു.