ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എന്ന ബഹുമതി എവറസ്റ്റിന് സ്വന്തമാണ്. ഹിമാലയ പര്‍വതത്തില്‍, നേപ്പാളിന്റേയും ടിബറ്റിന്റേയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന എവറസ്റ്റിന്റെ ഉയരം 8848.86 മീറ്ററാണ്.
പേരു വന്ന വഴി
ബ്രിട്ടീഷ് ഇന്ത്യയിലെ സര്‍വേയര്‍ ജനറലായിരുന്ന സര്‍ ജോര്‍ജ് എവറസ്റ്റിന്റെ പേരാണ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഈ കൊടുമുടിയ്ക്ക് സമ്മാനിച്ചത്. 1865 ല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി കേണല്‍ ആന്‍ഡ്രൂ വാഗിന്റെ ശുപാര്‍ശയില്‍ റോയല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിയാണ് എവറസ്റ്റ് എന്നു പേര് നല്‍കിയത്. തന്റെ പേര് ഉയരമേറിയ പര്‍വതത്തിന് കൊടുക്കുന്നതില്‍ ജോര്‍ജ് എവറസ്റ്റിന് തീരെ താത്പര്യമുണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യം.
ഒരു പര്‍വതം, പല പേരുകള്‍
എവറസ്റ്റ് പല പേരുകളിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറിയപ്പെടുന്നത്. പീക്ക് 15 എന്നാണ് എവറസ്റ്റ് പൊതുവേ അറിയപ്പെടുന്നത്. നേപ്പാളുകാര്‍ക്ക് ഇത് സാഗര്‍മാതായാണ്. ചൈനയില്‍ ഇത് ചുമുലാങ്മ ഫെങ് ആണ്. ടിബറ്റിലാകട്ടെ, എവറസ്റ്റ് അറിയപ്പെടുന്നത് ചോമലുങ്മ എന്നാണ്.
എവറസ്റ്റ് കയറാനുള്ള ഫീസ്
എവറസ്റ്റ് കീഴടക്കാന്‍ എത്തുന്നവര്‍ 35,000 ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) കെട്ടിവെയ്ക്കണം. 8000 മീറ്റര്‍ വരെയുള്ള മറ്റ് പര്‍വതങ്ങള്‍ക്ക് 20,000 ഡോളറും(ഏകദേശം 14.2 ലക്ഷംരൂപ) കെട്ടിവെയ്ക്കണം. അപകടങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ എവറസ്റ്റ് കൊടുമുടി കയറാനെത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളും കര്‍ശനമാണ്.
എവറസ്റ്റ് ദിനം
എവറസ്റ്റിന്റെ നെറുകയില്‍ മനുഷ്യന്‍ ആദ്യമായി തൊട്ടതിന്റെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും മേയ് 29 എവറസ്റ്റ് ദിനമായി ആചരിക്കുന്നത്. 1953 മേയ് 29 ന് പകല്‍ പതിനൊന്നരയ്ക്കാണ് മനുഷ്യന്‍ ആദ്യമായി ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് കാലുകുത്തിയത്. ആ ചരിത്രദൗത്യം പൂര്‍ത്തിയാക്കിയത് ന്യൂസിലന്‍ഡുകാരനായ സര്‍ എഡ്മണ്ട് ഹിലരിയും നേപ്പാള്‍ സ്വദേശിയായ ടെന്‍സിംഗ് നോര്‍ഗെയുമാണ്. ഇവര്‍ രണ്ടുപേരുടേയും മക്കളും പിന്നീട് ഇതേ കൊടുമുടി കീഴടക്കിയിട്ടുണ്ട്.
എവറസ്റ്റ് കീഴടക്കിയ അപൂര്‍വ വ്യക്തിത്വങ്ങള്‍
ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കീഴടക്കിയതിനുള്ള ബഹുമതി നേപ്പാളില്‍നിന്നുള്ള കമി റിത ഷേര്‍പ്പയ്ക്ക് അവകാശപ്പെട്ടതാണ്. 25 തവണയാണ് അദ്ദേഹം എവറസ്റ്റ് കീഴടക്കിയത്. അപ്പ ഷെര്‍പ, ഫുര്‍ബ താഷി എന്നിവര്‍ 21 തവണ വീതവും ഈ കൊടുമുടി കീഴടക്കിയിട്ടുണ്ട്.
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായംകൂടിയ വ്യക്തി ജപ്പാനിലെ യൂയിചിറോ മിയുറയാണ് (80 വയസ്, 2008). എവറസ്റ്റ് കൊടുമുടി തൊട്ട പ്രായംകൂടിയ വനിത ജപ്പാന്റെ ടമേ വടനബി (73 വയസ്, 2012). 2002ലും അവര്‍ എവറസ്റ്റിന്റെ നെറുകയിലെത്തിയിരുന്നു.
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി അമേരിക്കയുടെ ജോര്‍ദന്‍ റൊമീറോയാണ് (13 വയസ്, 2010). എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത ഇന്ത്യയുടെ മലാവത് പുര്‍നെയാണ് (13 വയസ്, 11 മാസം, 2014). ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ എവറസ്റ്റ് ജേതാവും മലാവത് തന്നെ. രണ്ടു തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി ഇന്ത്യയുടെ നവാങ് ഗൊമ്പുവാണ് (1963, 65).
കൃത്രിമക്കാലുകളില്‍ മഞ്ഞുമലയുടെ നെറുകയില്‍ തൊട്ട ആദ്യ വ്യക്തി ന്യൂസിലന്‍ഡിന്റെ മാര്‍ക്ക് ഇംഗ്ലിസ് (2006). ഏറ്റവും ആദ്യം എവറസ്റ്റിന്റെ നെറുകയില്‍ തൊട്ട വനിത ജപ്പാന്റെ ജങ്കോ ടബേയാണ് (1975). എവറസ്റ്റ് കൊടുമുടിയിലെത്തിയ ആദ്യ ഇന്ത്യന്‍ വനിത ബചേന്ദ്രിപാലാണ് (1984). അഞ്ചു ദിവസത്തിനുള്ളില്‍ വേഗത്തില്‍ രണ്ടു തവണ എവറസ്റ്റ് കീഴടക്കിയതിനുള്ള ബഹുമതി ഇന്ത്യയുടെ അന്‍ഷു ജാംസെന്‍പായുടെ പേരിലാണ്. ഏറ്റവും കൂടുതല്‍ പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ വനിത എന്ന നേട്ടവും അന്‍ഷു ജാംസെന്‍പായുടെ (അഞ്ചു തവണ) പേരിലാണ്. എവറസ്റ്റിനു മുകളിലെത്തുന്ന ആദ്യ ഇരട്ട സഹോദരിമാര്‍ എന്ന നേട്ടവും ഇന്ത്യന്‍ വനിതകളുടെ പേരിലാണ് താഷി മാലിക്കും നാന്‍സി മാലിക്കുമാണവര്‍.
എവറസ്റ്റിലെ മന്ത്രിസഭായോഗം
2009 ഡിസംബറില്‍ നേപ്പാള്‍ മന്ത്രിസഭായോഗം നടന്നത് എവറസ്റ്റ് കൊടുമുടിയിലാണ്. സമുദ്രനിരപ്പില്‍നിന്ന് 17,200 അടി ഉയരത്തില്‍ നടന്ന കാബിനറ്റ് യോഗത്തിനു 21 മന്ത്രിമാര്‍ ഹെലികോപ്റ്ററിലാണ് എത്തിയത്. എല്ലാവരും ഓക്‌സിജന്‍ മാസ്‌കുകളും ധരിച്ചിരുന്നു. പര്‍വതാരോഹകര്‍ കയറ്റം ആരംഭിക്കുന്ന ബേസ് ക്യാംപിനടുത്തു കാലാ പത്തര്‍ പീഠഭൂമിയായിരുന്നു ‘ക്യാബിനറ്റ് റൂം.’ ആഗോള താപനം ഹിമാലയത്തിനു സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരാനാണ് മന്ത്രിസഭ ഇവിടെ കൂടിയത്.
എവറസ്റ്റും മലിനമാകുന്നു
പര്‍വതാരോഹകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് എവറസ്റ്റും മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പര്‍വതാരോഹകര്‍ ഉപേക്ഷിക്കുന്ന സിലിണ്ടറുകള്‍, കയറുകള്‍, ബാഗുകള്‍, വസ്ത്രങ്ങള്‍, കാനുകള്‍ തുടങ്ങിയവ എവറസ്റ്റില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. മനുഷ്യന്‍ എവറസ്റ്റില്‍ ആദ്യമായി എത്തിയതിന്റെ 60ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 2013ല്‍ ഇന്ത്യയിലെയും നേപ്പാളിലെയും സൈനികര്‍ നടത്തിയ എവറസ്റ്റ് വൃത്തിയാക്കലില്‍ 4,000 കിലോ മാലിന്യങ്ങളാണ് ശേഖരിച്ചത്. പല കാലത്തായി പര്‍വതാരോഹകര്‍ ഉപേക്ഷിച്ച വസ്തുക്കളായിരുന്നു ഇവ.