കോവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഉദാരമായ ഇളവുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്ന സാഹചര്യത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്തിയും ആരോഗ്യ വകുപ്പിന്റെ ഉപദേശം അനുസരിച്ചുമാണ് ദുരന്ത നിവാരണ വകുപ്പ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.
ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി വര്‍ഗീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടി നിര്‍ത്തലാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു.
തിയേറ്ററുകള്‍ 100 ശതമാനം സിറ്റിങ് കപ്പാസിറ്റിയില്‍ തുറക്കാന്‍ അനുമതി നല്‍കി. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലും നൂറു ശതമാനം സിറ്റിങ് അനുവദിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പേ നിലനിന്നിരുന്ന സമയ ക്രമത്തില്‍ ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കി. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഓഫിസുകളിലെയും മീറ്റിങ്ങുകള്‍ / ട്രെയിനിങ്ങുകള്‍ എന്നിവ ആവശ്യമെങ്കില്‍ ഓഫ് ലൈനായും നടത്താവുന്നതാണ്.
എല്ലാ പൊതുപരിപാടികള്‍ക്കും 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ സാമൂഹിക അകലം പാലിച്ച് കൊണ്ട് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കുവാന്‍ അനുമതി നല്‍കുവാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തുന്നതായും ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
മേല്‍പ്പറഞ്ഞ ഇളവുകള്‍ നിലവില്‍ വന്നാലും കോവിഡ്, പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമാണ് ഈ സ്ഥാപനങ്ങളും ചടങ്ങുകളും നടത്തേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഇളവുകള്‍ നിലവില്‍ വരുന്നതോടെ രണ്ടു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം സംസ്ഥാനം ഏറെക്കുറെ സാധാരണ നിലയിലേയ്ക്ക് മടങ്ങുകയാണ്. മാസ്‌കും അകലം പാലിക്കലും സാനിറ്റൈസര്‍ ഉപയോഗവും മാത്രമായിരിക്കും ഇനി പ്രധാന നിയന്ത്രണങ്ങള്‍.