യെമനിലെ യുനെസ്കോ ലോകപൈതൃക സ്ഥലത്തിനടുത്തുണ്ടായ സ്ഫോടനത്തിനു കാരണം ഹൂതി മിസൈലാണെന്ന ആരോപണവുമായി യു എസ്. യെമന്റെ തലസ്ഥാന നഗരമായ സനയിൽ ഞായറാഴ്ചയുണ്ടായ സ്ഫോടനം അമേരിക്കൻ വ്യോമാക്രമണമല്ലെന്നും ഹൂതികളുടെ മിസൈൽ മൂലമാണെന്നുമാണ് യു എസ് സൈന്യം പറഞ്ഞത്.
കഴിഞ്ഞ മാസം യെമനിൽ അമേരിക്കൻ ആക്രമണം ശക്തമാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടൽ കപ്പലുകൾ ആക്രമിക്കുന്നത് അവസാനിപ്പിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് അദ്ദേഹത്തിന്റെ ഭരണകൂടം പറഞ്ഞത്. യെമനിലെ ഹൂതി ഉദ്യോഗസ്ഥർ പറഞ്ഞതുപോലുള്ള നാശനഷ്ടങ്ങളും ആളപായവും സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ അവ യു എസ് ആക്രമണത്താൽ സംഭവിച്ചതല്ല എന്ന് യു എസ് സെൻട്രൽ കമാൻഡ് വക്താവ് പറയുന്നു.
വീഡിയോകൾ ഉൾപ്പെടെയുള്ള പ്രാദേശിക റിപ്പോർട്ടുകളുടെ അവലോകനത്തിന്റെ അടിസ്ഥാനത്തിൽ മിസൈലിന്റെ അവശിഷ്ടങ്ങളിൽ അറബി അക്ഷരങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൂതി വ്യോമപ്രതിരോധ മിസൈൽ മൂലമാണ് നാശനഷ്ടമുണ്ടായതെന്ന് യു എസ് സൈന്യം വിലയിരുത്തുകയായിരുന്നു. ഹൂതി ഭീകരസംഘടനയുടെ സൈനിക-സാമ്പത്തികശേഷികൾ ഇല്ലാതാക്കുക എന്നതാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നും യു എസ് സൈന്യം പറയുന്നു.