പാക്കിസ്ഥാനില്‍, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ശൈശവ വിവാഹങ്ങളുടെ വര്‍ദ്ധനവിന് കാരണമാവുന്നു. പാക്കിസ്ഥാനില്‍ മണ്‍സൂണ്‍ മഴ പൊട്ടിപ്പുറപ്പെടാനിരിക്കെ, പണത്തിന് പകരമായി 14 കാരിയായ ഷാമിലയെയും അവളുടെ 13 വയസ്സുള്ള സഹോദരി ആമിനയെയും വിവാഹം കഴിപ്പിച്ചു. വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് കുടുംബത്തെ അതിജീവിക്കാന്‍ മാതാപിതാക്കള്‍ എടുത്ത മാര്‍ഗമായിരുന്നു ഇത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കായുള്ള പാക്കിസ്ഥാനിലെ ഉയര്‍ന്ന വിവാഹ നിരക്ക് സമീപ വര്‍ഷങ്ങളില്‍ കുറവായിരുന്നു, എന്നാല്‍ 2022 ലെ വെള്ളപ്പൊക്കത്തിന് ശേഷം, കാലാവസ്ഥാ പ്രേരിതമായ സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം അത്തരം വിവാഹങ്ങള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2022-ലെ വെള്ളപ്പൊക്കത്തില്‍ നിന്ന് സിന്ധിലെ കാര്‍ഷികമേഖലയിലെ പല ഗ്രാമങ്ങളും കരകയറിയിട്ടില്ല, ഇത് രാജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയിലാക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും വിളവെടുപ്പ് നശിപ്പിക്കുകയും ചെയ്തു.
ഇത് ‘മണ്‍സൂണ്‍ വധുക്കള്‍’ എന്ന പുതിയ പ്രവണതയിലേക്ക് നയിച്ചതായി ശൈശവ വിവാഹത്തിനെതിരെ പോരാടുന്നതിന് മതപണ്ഡിതന്മാരോടൊപ്പം പ്രവര്‍ത്തിക്കുന്ന സുജാഗ് സന്‍സാര്‍ എന്ന എന്‍.ജി.ഒ.യുടെ സ്ഥാപകന്‍ മഷൂഖ് ബിര്‍ഹ്മാനി പറഞ്ഞു. 2022-ലെ വെള്ളപ്പൊക്കത്തിനുശേഷം, ദാദു ജില്ലയിലെ ഗ്രാമങ്ങളില്‍ ശൈശവവിവാഹം വര്‍ധിച്ചതായി ബിര്‍ഹ്മാനി പറഞ്ഞു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണിത്.