രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയ്ക്കൊരുങ്ങി രാഹുല്‍ ഗാന്ധി. അടുത്ത മാസം ആദ്യ വാരത്തില്‍ രണ്ടാംഘട്ട യാത്ര ആരംഭിക്കാനാണ് രാഹുലിന്റെ നീക്കം. ആദ്യഘട്ട യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലാണ് രണ്ടാംഘട്ടം. ഇതിന്റെ ഭാഗമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര രണ്ടുമാസം നീണ്ടുനില്‍ക്കും.
അരുണാചല്‍ പ്രദേശില്‍ നിന്ന് തുടങ്ങി ഗുജറാത്തിലാകും സമാപനം. ഉത്തരേന്ത്യയിലെ ശൈത്യകാലം അടക്കം കണക്കിലെടുത്താകും സമയക്രമങ്ങള്‍ തീരുമാനിക്കുക. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ പരാജയം പ്രവര്‍ത്തകരില്‍ സൃഷ്ടിച്ച നിരാശ മാറ്റുന്നതിന് കൂടിയാണ് യാത്ര. തൊഴിലില്ലായ്മയും വിലക്കയറ്റവും യാത്രയിലുടനീളം ഉയര്‍ത്തിക്കാട്ടും.
തൊഴിലില്ലായ്മ പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ആക്രമണത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണവും. മോദിയുടെ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കിയത്. പാര്‍ലമെന്റില്‍ കണ്ടത് തൊഴില്‍ രഹിതരുടെ അമര്‍ഷത്തിന്റെ പുക എന്നാണ് രാഹുല്‍ പ്രതികരിച്ചത്. 2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ആദ്യഘട്ട യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കഴിഞ്ഞ ജനുവരി 30ന് ശ്രീനഗറിലാണ് സമാപിച്ചത്.