താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിലെ നാഷണല്‍ ടെലിവിഷന്‍ ചാനലുകളുടെയും , ബക്താര്‍ വാര്‍ത്ത ഏജന്‍സിയുടെയും പേജുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഫേസ്ബുക്ക്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ നാഷണല്‍ ടെലിവിഷന്‍ മീഡിയ സെന്ററിന്റെ നിയന്ത്രണം പൂര്‍ണ്ണമായും അവര്‍ ഏറ്റെടുത്ത് ദുരുപയോഗം ചെയ്തിരുന്നു. എന്നാല്‍ ഭീകരവാദത്തോടുള്ള ശക്തമായ നിലപാടിന്റെ ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്ന് ഫേസ്ബുക്ക് അറിയിച്ചു.
ലോകത്ത് ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക്. അഫ്ഗാനെ താലിബാന്‍ കീഴടക്കിയെന്നും തീവ്രവാദികള്‍ എന്ന വാക്ക് ആദ്യം പറഞ്ഞതും ഫേസ്ബുക്കാണെന്ന് അഫ്ഗാനിസ്ഥാന്‍ മാദ്ധ്യമമായ ഖാമ പ്രസ് പറയുന്നു. തീവ്രവാദ സംഘടനകളുടെ പ്രസ്താവനകളോ, അവരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ വിവരങ്ങളോ പ്രസിദ്ധീകരിക്കാന്‍ ഒരു കാരണവശാലും ഫേസ്ബുക്ക് അനുവദിക്കില്ല. താലിബാനുമായിട്ടുള്ള യുദ്ധത്തില്‍ തകര്‍ന്ന സര്‍ക്കാര്‍ ഓഫീസുകളുടെയും, ഏജന്‍സികളുടെയും പേജുകള്‍ നേരത്തെ ഫേസ്ബുക്ക് നിര്‍ത്തലാക്കിയിരുന്നു.
താലിബാന്‍ നിയന്ത്രിത അഫ്ഗാനിലെ മാധ്യമങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കും, ക്രൂരമായ പീഡനത്തിനും വിധേയരാവുകയാണ്. താലിബാനെ പിന്തുണയ്ക്കുന്ന വാര്‍ത്തകള്‍ മാത്രമേ പ്രസിദ്ധീകരിക്കാന്‍ കഴിയുകയുള്ളു . ഇത്തരത്തിലുള്ള പീഡനം കാരണം നിരവധി മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിപോകേണ്ട അവസ്ഥ വന്നിട്ടുണ്ട് . ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തില്‍ ദാരുണമായ ഭരണമുറകള്‍ തുടരുന്ന അഫ്ഗാനില്‍ സാധാരണ ജനങ്ങളെ പോലെ തന്നെ മാദ്ധ്യമപ്രവര്‍ത്തകരും താലിബാന്റെ ക്രൂരമായ പീഡനത്തിന് ഇരയാവുകയാണ്.