കൈവിട്ട് പോകുന്ന ഉപയോക്താക്കളെ പിടിച്ചു നിര്‍ത്താനും കൂടുതല്‍ ജനപ്രീതി ആര്‍ജ്ജിക്കാനും പുത്തന്‍ തന്ത്രങ്ങളുമായി ഫേസ്ബുക്ക്. പരിഷ്‌കരണ നടപടികളുടെ ഭാഗമായി വലിയ മാറ്റങ്ങള്‍ക്കാണ് ഫേസ്ബുക്ക് തയ്യാറെടുക്കുന്നത്. ഒരു അക്കൗണ്ടില്‍ ഒന്നിലധികം പ്രൊഫൈലുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കാനുള്ള തീരുമാനം ഇവയില്‍ സുപ്രധാനമാണ്. മറ്റ് സാമൂഹിക മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നേരിടുന്ന കടുത്ത മത്സരമാണ് പ്രധാനമായും ഫേസ്ബുക്കിനെ പരിഷ്‌കരണ നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്.
യഥാര്‍ത്ഥ പേരിലുള്ള പ്രധാന അക്കൗണ്ടില്‍, ഉപയോക്താക്കളുടെ അഭിരുചി അനുസരിച്ച് വിവിധ പ്രൊഫൈലുകള്‍ രൂപീകരിക്കാനുള്ള സംവിധാനം തയ്യാറാക്കാനാണ് ഫേസ്ബുക്ക് ഒരുങ്ങുന്നത്. പ്രൊഫഷണല്‍ കോണ്ടാക്ടുകളില്‍ നിന്നും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഫില്‍ട്ടര്‍ ചെയ്യാന്‍ ഇത് വഴി സാധിക്കും. ഒരു വ്യക്തിയുടെ ഓരോ തനത് ഇടങ്ങളും പുറത്ത് നിന്നുള്ള ഇടപെടല്‍ ഇല്ലാതെ സ്വതന്ത്രമായി നിലനിര്‍ത്താന്‍ ഇത് വഴി സാധിക്കും.
ഉപയോക്താക്കള്‍ പതിവായി തങ്ങളുടെ പ്രൊഫൈലുകളില്‍ നിന്ന് പോസ്റ്റ് ചെയ്യുകയും അത് വഴി നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രതാപം നിലനിര്‍ത്തുകയും ചെയ്യാം എന്ന്, പരിഷ്‌കരണ നടപടികളിലൂടെ ഫേസ്ബുക്ക് കണക്ക് കൂട്ടുന്നു. അധികമായി രൂപീകരിക്കുന്ന പ്രൊഫൈലുകളില്‍ ഉപയോക്താക്കള്‍ യഥാര്‍ത്ഥ പേര് ഉപയോഗിക്കണം എന്ന് നിര്‍ബന്ധമില്ല. സംഖ്യകളോ പ്രത്യേക ചിഹ്നങ്ങളോ അല്ലാത്ത ഏത് പ്രൊഫൈല്‍ നെയിമും യൂസര്‍ നെയിമും ഉപയോഗിക്കാം.
എന്നാല്‍, പ്രധാന അക്കൗണ്ടില്‍ യഥാര്‍ത്ഥ പേര് വേണം എന്നത് നിര്‍ബന്ധമാണ്. അതേസമയം, പുതിയ സംവിധാനത്തിലൂടെ മറ്റൊരാളുടെ വ്യാജ അക്കൗണ്ട് നിര്‍മ്മിക്കാന്‍ സാധിക്കില്ല. അത് കണ്ടെത്താന്‍ ഫേസ്ബുക്കിന്റെ നിര്‍മ്മിത ബുദ്ധി സംവിധാനം അപ്‌ഡേറ്റ് ചെയ്യപ്പെടും. അധികമായി രൂപീകരിക്കുന്ന പ്രൊഫൈലുകളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പോളിസി ലംഘനം ഉണ്ടായാല്‍ അത് അക്കൗണ്ടിനെ മുഴുവനായി ബാധിക്കും. ഒന്നിലധികം തവണ ഇത്തരത്തില്‍ സംഭവിച്ചാല്‍ അക്കൗണ്ട് പൂര്‍ണ്ണമായി നഷ്ടമാകുകയും ചെയ്യും.
പ്രൊഫൈലുകള്‍ക്കിടയില്‍ നിരന്തര സഞ്ചാരം നടത്തി സമയനഷ്ടമുണ്ടാക്കാന്‍ ഉപയോക്താക്കള്‍ പ്രേരിതരാകും എന്നതാണ് ഫേസ്ബുക്കിന്റെ പുതിയ സംവിധാനത്തിന്റെ പ്രധാന ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് സാമൂഹിക മാദ്ധ്യമ അടിമത്തത്തിലേക്കും ലഘുമനോരോഗങ്ങളിലേക്കും നയിച്ചേക്കാമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു. ഏതായാലും, ഫേസ്ബുക്കിന്റെ പുതിയ പരിഷ്‌കാരങ്ങള്‍, മെറ്റാവേഴ്‌സ് ഉള്‍പ്പെടെ ഉടന്‍ നടപ്പിലാകും എന്നാണ് വിവരം.