രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷം ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികളിലൊന്നായ എമിറേറ്റ്സ് എയര്‍ലൈന്‍സ് പുത്തന്‍ ഡിസൈന്‍ പുറത്തിറക്കി. യുഎഇ -യുടെ പതാകയും അറബി കാലിഗ്രഫിയും നഷ്ടമാക്കാതെയാണ് എയര്‍ലൈന്‍സ് മുഖം മിനുക്കുന്നത്. 1985ല്‍ എയര്‍ലൈന്‍സ് രൂപീകൃതമായതിനു ശേഷം മൂന്നാം തവണയാണ് എമിറേറ്റ്സിന്‍റെ രൂപത്തില്‍ മാറ്റം വരുത്തുന്നത്.
“ലോകമെമ്പാടും സഞ്ചരിക്കുന്ന എമിറേറ്റ്സിന്‍റെ ഐഡന്റിറ്റിയെ മനോഹരമാക്കുന്നതാണ് പുതിയ രൂപം” – കമ്പനിയുടെ പ്രസിഡന്‍റ് ടിം ക്ലാര്‍ക്ക് വ്യക്തമാക്കി. പുതിയ മാറ്റം എല്ലാ എമിറേറ്റ്സ് വിമാനങ്ങളിലും വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമായും വിമാനത്തിന്‍റെ ചിറകിലും വാല്‍ ഭാഗത്തുമുള്ള ഡിസൈനിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
ത്രീഡി ഇഫക്റ്റോടെ പാറിപ്പറക്കുന്ന രീതിയിലുള്ളതാണ് വിമാനത്തിന്‍റെ വാല്‍ഭാഗത്തെ മാറ്റങ്ങള്‍. ചിറകിന്‍റെ അറ്റത്ത് അറബി കാലിഗ്രാഫിയില്‍ ചുവപ്പു നിറത്തില്‍ എമിറൈറ്റസ് ലോഗോ സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ അറബിയിലും, ഇംഗ്ലീഷിലുമുള്ള എമിറേറ്റ്സ് എന്ന എഴുത്ത് കൂടുതല്‍ ബോള്‍ഡാക്കിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചിറകില്‍ യുഎഇ പതാകയുടെ നിറങ്ങള്‍ കൂടുതല്‍ മികവുറ്റ രീതില്‍ ക്രമീകരിച്ചു. നേരത്തെ എമിറേറ്റ്സ് വിമാനങ്ങളില്‍ ഉണ്ടായിരുന്ന വെബ്സൈറ്റ് അഡ്രസ് ഡിസൈനില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.