അഫ്ഗാനിസ്ഥാനിൽ താലിബാൻ ബന്ദികളാക്കിയ അമേരിക്കൻ പൗരന്മാരുടെ കുടുംബങ്ങൾ, അധികാരം ഒഴിയുന്നതിനു മുൻപ് ബന്ദികളുടെ മോചനത്തിനായി ശ്രമിക്കാൻ ജോ ബൈഡനോട് ആവശ്യപ്പെട്ടു. ജോർജ് ഗ്ലെസ്മാൻ, റയാൻ കോർബറ്റ്, മഹ്മൂദ് ഷാ ഹബീബി എന്നീ യു. എസ്. പൗരൻമാർ 2022 മുതൽ താലിബാന്റെ കസ്റ്റഡിയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. രണ്ടുപേരെ തങ്ങൾ കൈവശം വച്ചിട്ടുണ്ടെന്ന് താലിബാൻ സ്ഥിരീകരിച്ചെങ്കിലും ഹബീബിയെ കസ്റ്റഡിയിലെടുത്തത് അവർ നിഷേധിച്ചു.
ഗ്വാണ്ടനാമോ ബേ തടവുകാരനും പരേതനായ അൽ ഖാഇദ നേതാവ് ഒസാമ ബിൻ ലാദന്റെ അടുത്ത സഹായിയുമായ അഫ്ഗാൻ പൗരനായ മുഹമ്മദ് റഹീമിനു പകരമായി അവരെ നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ഒരു കരാറിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഭരണകൂടം പറഞ്ഞതിനെത്തുടർന്ന് ബൈഡൻ, ഞായറാഴ്ച മൂന്ന് അമേരിക്കൻ പൗരൻമാടെയും കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചു.
ബന്ദികളാക്കുകയും അന്യായമായി വിദേശത്ത് തടവിലാക്കപ്പെടുകയും ചെയ്ത അമേരിക്കക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള തന്റെ ഭരണകൂടത്തിന്റെ പ്രതിബദ്ധത ബൈഡൻ ഊന്നിപ്പറഞ്ഞു. ഹബീബിയെ താലിബാൻ മോചിപ്പിച്ചില്ലെങ്കിൽ, പ്രതിരോധവകുപ്പ് ‘ഉയർന്ന മൂല്യമുള്ള തടവുകാരൻ’ എന്ന് മുദ്രകുത്തിയ റഹീമിനെ തന്റെ ഭരണകൂടം കൈമാറ്റം ചെയ്യില്ലെന്ന് അദ്ദേഹം കുടുംബങ്ങളോടു പറഞ്ഞു. 2008 മുതൽ റഹീം ഗ്വാണ്ടനാമോയിൽ തടവിലാണ്.
മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ കീഴിൽ ഗ്വാണ്ടനാമോയിൽ തടവിലാക്കപ്പെട്ട 800 പുരുഷന്മാരിൽ അവശേഷിക്കുന്ന 15 പേരിൽ ഒരാളാണ് റഹീം. തടവുകാരെ കൈമാറുന്ന കാര്യം നിലവിൽ യു. എസുമായി ചർച്ചയിലാണെന്നും റഹീമിനെ പേരെടുത്ത് പറയാതെതന്നെ ചില അഫ്ഗാനികളെ മോചിപ്പിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്നും താലിബാന്റെ മുഖ്യവക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.
“ഞങ്ങൾക്ക് ഞങ്ങളുടേതായ ആവശ്യങ്ങളുണ്ട്. അമേരിക്കക്കാരുടെ കൈവശമുള്ള ചില അഫ്ഗാനികളെ വിട്ടയയ്ക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പകരമായി ഞങ്ങൾ കൈവശം വച്ചിരിക്കുന്ന അമേരിക്കക്കാരെ ഞങ്ങൾ മോചിപ്പിക്കും. എന്നിരുന്നാലും, ഈ കൈമാറ്റത്തിനുള്ള ഒരു സംവിധാനത്തെക്കുറിച്ച് ഒരു കരാർ ഉണ്ടായിരിക്കണം. അത് ഇതുവരെ അംഗീകരിച്ചിട്ടില്ല. പക്ഷേ, ഞങ്ങൾ ആശയവിനിമയം തുടരുന്നു” – അന്താരാഷ്ട്ര മാധ്യമത്തിനു നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
എന്നിരുന്നാലും, ജോ ബൈഡന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബന്ദിയുടെ കുടുംബത്തിലൊരാൾ സമയം അതിക്രമിച്ചുകൊണ്ടിരിക്കുന്നു എന്ന ഭയം പ്രകടിപ്പിച്ചു. കരാർ അന്തിമമായില്ലെങ്കിൽ, ബന്ദികളെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ചുമതല അടുത്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറും.