ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ കുടുംബങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കുടുംബങ്ങളുടെ ഈ ഒരു പ്രാധാന്യം ലോകത്തെ ഓര്‍മ്മിപ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും മെയ് 15 അന്താരാഷ്ട്ര കുടുംബദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിച്ചു വരുന്നു. 1993 മുതലാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര കുടുംബദിനം ആചരിക്കുക്കാന്‍ തുടങ്ങുന്നത്.
1933- ല്‍ കുടുംബദിനം ആചരിക്കുക എന്ന ആശയം മുന്നോട്ട് വച്ചപ്പോള്‍ ഈ ദിനാചരണത്തിലൂടെ കുടുംബ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങളെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാശാസ്ത്ര പ്രക്രിയ തുടങ്ങിയ ഘടകങ്ങളെ കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുക, സമൂഹത്തിലെ എല്ലാത്തരം കുടുംബങ്ങളെയും ഓര്‍ക്കുക, അവരുടെ വൈവിധ്യത്തെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയായിരുന്നു ലക്ഷ്യം വച്ചിരുന്നത്. ഒറ്റയ്ക്ക് ഒരു കുടുംബം എന്ന ചിന്ത വെടിഞ്ഞു സമൂഹമായും ബന്ധുക്കളായും ശക്തമായ ബന്ധം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും അതുവഴി ശക്തവും സഹകരണം ഉള്ളതുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും ഉള്ള ഒരു അവസരമായിരുന്നു ഓരോ കുടുംബദിനവും ലോകത്തിനു നല്‍കി വന്നിരുന്നത്.
കുടുംബങ്ങളും കാലാവസ്ഥാ വ്യതിയാനവും എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര കുടുംബ ദിനം ആചരിക്കപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം ഓരോ രാജ്യങ്ങളിലെയും കുടുംബങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം കുടുംബദിനം ആചരിക്കുന്നത്.
2024-ല്‍ അന്താരാഷ്ട്ര കുടുംബ ദിനത്തിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നമുക്ക് ബന്ധങ്ങള്‍ ഊഷ്മളമാക്കിയിരുന്ന ഒരു കാലത്തിന്റെ ഓര്‍മ്മകളിലേക്ക് മടങ്ങാം. കൂട്ടുകുടുംബങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനിന്നപ്പോള്‍ അവിടെ വലിയ ഒരു കൂട്ടായ്മ, പങ്കുവയ്ക്കല്‍ നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് നഗരവല്‍ക്കരണവും സാങ്കോതിക വളര്‍ച്ചയും ഒക്കെയായപ്പോള്‍ അണുകുടുംബങ്ങള്‍ പിറവികൊണ്ടു. അപ്പന്‍, അമ്മ, മക്കള്‍ ഇവര്‍ മാത്രം അടങ്ങിയ ചെറിയ കുടുംബങ്ങളിലേക്ക് സമൂഹം ഒതുങ്ങിയപ്പോള്‍ അത് ചുറ്റുപാടുകളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. സാമൂഹിക ബന്ധങ്ങളില്‍ നിന്ന് അകന്നു ഒറ്റപ്പെട്ട ജീവിതങ്ങള്‍ പതിയെ തകര്‍ച്ചയിലേക്ക് നീങ്ങിയപ്പോള്‍ ബന്ധങ്ങളുടെ വില മനസിലാക്കുവാനും ഓര്‍മിപ്പിക്കാനുമായി ആണ് കുടുംബങ്ങളുടെ ദിനം ആചരിക്കുന്നത്.
ഒരു കുടുംബ ദിനത്തിലൂടെ കടന്നുപോകുമ്പോള്‍ സ്വന്തം കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തുന്ന അമ്മ, സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തുകയോ വൃദ്ധസദനത്തിലാക്കുകയോ ചെയ്യുന്ന മക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം പോരടിക്കുന്ന ഭവനങ്ങള്‍, യുദ്ധക്കളമായി മാറുന്ന കുടുംബങ്ങള്‍, ചോരകിനിയുന്ന രാവുകള്‍ ഇതൊക്കെയാണ് നമ്മുടെ മുന്നില്‍ തെളിയുന്ന ചിത്രങ്ങള്‍. പലര്‍ക്കും കുടുംബങ്ങളെ, ബന്ധങ്ങളെ ചേര്‍ത്തുപിടിക്കാന്‍ ഇന്ന് നേരമില്ല. അവര്‍ ഓട്ടമാണ്. എന്തിനോ വേണ്ടിയുള്ള ഓട്ടം. എന്നാല്‍ തിരിച്ചറിയപ്പെടാതെ പോകുന്നത് ഒരു പക്ഷെ മനഃപൂര്‍വം അല്ലെങ്കില്‍ പോലും തഴയപ്പെട്ടുപോകുന്ന കുടുംബ ബന്ധങ്ങളാണ് ഒരുവന്റെ, ഒരു സമൂഹത്തിന്റെ ആധാരം എന്ന സത്യമാണ്.