ഗാസയിൽ കൊല്ലപ്പെട്ട ക്രിസ്ത്യാനിയായ ഇസ്രായേൽ സൈനികൻ ഡേവിഡ് ബോഗ്ഡനോവ്സ്കിന്റെ കല്ലറയിലെ കുരിശ് നീക്കംചെയ്യുന്നതിന് കുടുംബവുമായി ധാരണയിലെത്താൻ പ്രതിരോധമന്ത്രാലയം ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ ഗാസ മുനമ്പിന്റെ തെക്കുഭാഗത്ത് വച്ച് ഡിസംബറിലാണ് ഡേവിഡ് രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചത്.
നിയമപ്രകാരം, യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കല്ലറയിലെ ഹെഡ്സ്റ്റോണിൽ കുരിശോ, മറ്റേതെങ്കിലും മതപരമായ അടയാളമോ സ്ഥാപിക്കുന്നത് അനുവദനീയമല്ലെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ നിലപാട്. ഹൈഫ സൈനിക സെമിത്തേരിയിൽ, കൊല്ലപ്പെട്ട ജൂതസൈനികരെയും അടക്കം ചെയ്തിട്ടുണ്ട്. ജൂതസെമിത്തേരിയുടെ വിശുദ്ധി, കുരിശ് മൂലം കളങ്കപ്പെടുന്നുവെന്നാണ് ഇസ്രായേൽ സേനയുടെ ചീഫ് റബ്ബിയെ ഉദ്ധരിച്ച് മന്ത്രാലയം അറിയിച്ചത്.
കുടുംബവുമായി ധാരണയിലെത്താൻ സൈനിക – സ്മാരക പൊതുസമിതിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കല്ലറയിലെ കുരിശ് തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് സെമിത്തേരിയിൽ അടക്കം ചെയ്ത മറ്റ് സൈനികരുടെ കുടുബങ്ങൾ അറിയിച്ചതായി സൈന്യത്തിന്റെ ചീഫ് റബ്ബി വെളിപ്പെടുത്തി. അതേസമയം, സെമിത്തേരിയിലെ മറ്റു കല്ലറകളിൽ മതപരമായ ചിഹ്നങ്ങളുണ്ടെന്നാണ് കുടുംബം ഇതിനോടു പ്രതികരിച്ചത്.