Sunday, November 24, 2024

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജ് അന്തരിച്ചു

മലയാള സിനിമാ ചരിത്രത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയവേ എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. 78 വയസായിരുന്നു.

യവനിക, ഇരകള്‍, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജോർജ് ശ്രദ്ധേയനായത്. 1976ൽ പുറത്തിറങ്ങിയ ‘സ്വപ്‌നാടനം’ ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. 1974ല്‍ പുറത്തിറങ്ങിയ ‘നെല്ലി’ന്റെ തിരക്കഥ നിര്‍വഹിച്ചതും അദ്ദേഹമായിരുന്നു. ഇരുപതോളം ചിത്രങ്ങളാണ് കെ ജി ജോര്‍ജിന്റേതായി എത്തിയിട്ടുള്ളതെങ്കിലും മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് അദ്ദേഹം തുടക്കമിട്ടത്. വ്യവസ്ഥാപിതമായ മലയാള സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമയും അതിലെ കഥാപാത്രങ്ങളും.

ആദ്യ ചിത്രമായ സ്വപ്‌നാടനത്തിന് ദേശീയ പുരസ്‌കാരവും യവനിക, സ്വപ്‌നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ലഭിച്ചു. 2016ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി.

Latest News