ദിവസേന ഒന്നിലധികം ഇന്‍സുലിന്‍ എടുക്കുന്നവരും കുട്ടികളും ഇനി കുത്തിവയ്പ്പിനെ പേടിക്കണ്ട. വേദനയില്ലാതെ കുത്തിവയ്പ്പുകള്‍ എടുക്കാനുള്ള മൈക്രോ നീഡിലുകള്‍ ഗവേഷകര്‍ വികസിപ്പിച്ചതായാണ് വിവരം. ബംഗ്ലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരാണ് മൈക്രോ നീഡിലുകള്ക്കു പിന്നില്‍.
നിലവിലെ നീഡിലുകള്‍ കൊണ്ട് കുത്തിവയ്പ്പ് എടുക്കുമ്പോള്‍ മനുഷ്യശരീരത്തിലെ നാഡികളില്‍ കൊള്ളുന്നതിനാലാണ് വേദനയുണ്ടാകുന്നത്. ഇതിനു പരിഹാരമെന്ന നിലയിലാണ് മൈക്രോ നീഡിലുകള്‍ വികസിപ്പിച്ചിരിക്കുന്നത്. 30 മൈക്രോണ്‍ മാത്രം സൂചിയുടെ അഗ്രത്തിന് വ്യാസമുള്ളതിനാല്‍ നീഡിലുകള്‍ തൊലിയുടെ തൊട്ടുതാഴെ മാത്രമേ വരികയുള്ളൂ. നാഡികളില്‍ സ്പര്‍ശിക്കില്ല. അതിനാല്‍ സ്ഥിരം പല്ലവിയായ ‘ഉറുമ്പു കടിക്കുന്ന വേദന പോലും ഉണ്ടാകില്ല’ എന്നാണ് ഗവേഷകരുടെ അവകാശവാദം. ചെലവ് കുറവായതിനാല്‍ പുതിയ സംവിധാനം വിപണി കീഴടക്കുമെന്നും ഗവേഷകര്‍ പറയുന്നു.
മൈക്രോ നീഡിലുകളുടെ ആകൃതിയിലെ വ്യത്യാസം മൂലം നിലവില്‍ ഉപയോഗിക്കുന്ന സിറിഞ്ചില്‍ നിന്നും 20% കുറവ് മരുന്നു മാത്രം മതിയാകും. കൂടാതെ, സമയലാഭം ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു.