ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ഡല്‍ഹി പോലീസ് തടഞ്ഞുവച്ചതില്‍ പ്രതിഷേധവുമായി കർഷക നേതാവ് രാകേഷ് ടിക്കായത്. പോലീസ് തടഞ്ഞുവച്ചിരിക്കുന്നവരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഗുസ്തി താരങ്ങള്‍ക്കു നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ വികാരവിക്ഷുബ്ധയായി വിനേഷ് ഫൊഗട്ടും രംഗത്തെത്തി.
‘ഗുസ്തിക്കാർ, കർഷകർ, മാധ്യമപ്രവർത്തകർ, യുവാക്കൾ എന്നിവരെ ഡൽഹി പൊലീസ് സർക്കാരിന്റെ നിർദേശപ്രകാരം അറസ്റ്റ് ചെയ്തത് രാജ്യത്ത് പുതിയ വിപ്ലവത്തിന് തുടക്കമിടും. ഡൽഹി പൊലീസ് അവരെ ഉടൻ വിട്ടയക്കണം’ ടിക്കായത് പ്രസ്താവനയിലുടെ ആവശ്യപ്പെട്ടു. ഗുസ്തിക്കാരെ പിന്തുണയ്ക്കുന്നവരെ കേന്ദ്രത്തിന്റെ നിർദേശപ്രകാരം ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുകയാണെന്നും ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ദേശീയ വക്താവ് ആരോപിച്ചു. ഏപ്രിൽ 23 മുതൽ തലസ്ഥാനത്തെ ജന്തർ മന്തറിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന ഗുസ്തിക്കാര്‍ക്ക് നേരത്തെ സമരവേദിയിലെത്തി ടിക്കായത് പിന്തുണ അറിയിച്ചിരുന്നു.
അതേസമയം, താരങ്ങള്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ വിശദീകരണവുമായി പോലീസ് രംഗത്തെത്തി. അനുവാദമില്ലാതെ സമരപ്പന്തലില്‍ പുതപ്പും കിടക്കകളുമെത്തിച്ച സോമനാഥ് ഭാരതിയടക്കമുള്ള ആം ആദ്മി നേതാക്കളെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്‍റെ വിശദീകരണം. എന്നാല്‍ മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ തങ്ങള്‍ക്കുനേരെ അതിക്രമം നടത്തുകയായിരുന്നെന്ന് പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങള്‍ ആരോപിച്ചു.
പോലീസ് നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ലഭിച്ച എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണെന്ന് ഗുസ്തി താരം ബജ്‌റംഗ് പുനിയ പ്രതികരിച്ചു. പോലീസ് അതിക്രമത്തില്‍ വിനേഷ് ഫൊഗട്ടും വികാരാധീനയായി പ്രതിഷേധം രേഖപ്പടുത്തി.
‘ഞങ്ങളോട് ഇത്തരത്തില്‍ പെരുമാറാന്‍ ഞങ്ങള്‍ ക്രിമിനലുകളല്ല. എന്നോട് പോലീസ് മോശമായി പെരുമാറുകയും പിടിച്ചു തള്ളുകയും ചെയ്തു. എവിടെയായിരുന്നു വനിതാ പോലീസുകാര്‍’ ഫൊഗട്ട് ചോദിച്ചു.
ഇതിനൊക്കെ സാക്ഷിയാകാനാണോ ഞങ്ങള്‍ മെഡലുകള്‍ നേടിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.