കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം 17ാം ദിവസവും തുടര്‍ന്ന് കര്‍ഷക സംഘടനകള്‍. പഞ്ചാബ് -ഹരിയാന അതിര്‍ത്തികളായ ശംഭു, ഖനൗരി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കര്‍ഷക സമരം. കഴിഞ്ഞ ദിവസവും ഖനൗരി അതിര്‍ത്തിയില്‍ ഒരു കര്‍ഷകന്‍ മരിച്ചിരുന്നു. ദില്ലി ചലോ മാര്‍ച്ച് തുടരുന്ന കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേര്‍ന്നു തീരുമാനമെടുക്കും.
വിളകളുടെ താങ്ങു വിലയടക്കമുള്ള വിഷയങ്ങളില്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. അതേസമയം പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് കര്‍ഷക സംഘടനകള്‍ നടത്തുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പൊളിറ്റിക്കല്‍ നോണ്‍ പൊളിറ്റിക്കല്‍ വിഭാഗങ്ങളും ഭാരതീയ കിസാന്‍ യൂണിയനും ഒക്കെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കണമെന്ന നിലപാടിലാണ്.