Sunday, November 24, 2024

ഒത്തുതീര്‍പ്പിനുള്ള കേന്ദ്ര നിര്‍ദ്ദേശം തള്ളി കര്‍ഷക സംഘടനകള്‍; ബുധനാഴ്ച ദില്ലി ചലോ മാര്‍ച്ച് തുടങ്ങും

ഒത്തുതീര്‍പ്പിനുള്ള കേന്ദ്ര നിര്‍ദ്ദേശം തള്ളി കര്‍ഷക സംഘടനകള്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ ആശ്വസിക്കാനൊന്നുമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ നിലപാടെടുത്തു. അഞ്ച് വിളകള്‍ക്ക് താങ്ങുവില നല്‍കി അടുത്ത അഞ്ച് വര്‍ഷം സംഭരിക്കാമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ ബുധനാഴ്ച ദില്ലി ചലോ മാര്‍ച്ച് തുടങ്ങുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കുന്നു.

ചര്‍ച്ചയില്‍ പറയുന്ന കാര്യമല്ല കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയുന്നതെന്ന് കര്‍ഷക സംഘടന നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ പറഞ്ഞു. കര്‍ഷകരോട് കാണിക്കുന്നത് അനീതിയാണ്. ബുധനാഴ്ച 11 മണിക്ക് ദില്ലി മാര്‍ച്ച് പുനരാരംഭിക്കും. സമാധാനപരമായ സമരത്തിന് സര്‍ക്കാര്‍ അനുവദിക്കണമെന്ന് സര്‍വന്‍ സിങ് പാന്തറും ആവശ്യപ്പെട്ടു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തില്‍ മോദി സര്‍ക്കാരിന് 2021-ല്‍ പഞ്ചാബിലെയും,ഹരിയാനയിലേയും, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെയും കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന് മുന്നില്‍ മാത്രമാണ് മുട്ടുമടക്കേണ്ടി വേണ്ടത്. അന്ന് 40-ന് മുകളില്‍ വരുന്ന കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത കിസാന്‍ മോര്‍ച്ചയാണ് സമരം നടത്തിയത്. ഇപ്പോള്‍ ഈ 40 സംഘടനകളില്‍ ഒരു വിഭാഗം കര്‍ഷകര്‍ മാത്രം ചേര്‍ന്ന് രൂപീകരിച്ച സംയുക്ത കിസാന്‍ മോര്‍ച്ച (അരാഷ്ട്രീയ വിഭാഗം) ആണ് സമരം നടത്തുന്നത്.

ഒന്‍പത് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇപ്പോഴത്തെ സമരം. എല്ലാ കാര്‍ഷിക വിളകള്‍ക്കും താങ്ങ് വില പ്രഖ്യാപിച്ചു കൊണ്ടുള്ള നിയമനിര്‍മ്മാണമാണ് പ്രധാന ആവശ്യം. നിലവില്‍ 22 കാര്‍ഷിക വിളകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ താങ്ങ് വില പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയിലെ പൊതു വിതരണ ശൃംഖലയിലേക്കാണ് സര്‍ക്കാര്‍ താങ്ങ് വില നല്‍കി വാങ്ങുന്ന വിളകള്‍ പോകുന്നത്. വിളകളുടെ ആഗോള വില പരിഗണിക്കുമ്പോള്‍ എല്ലാ വിളകള്‍ക്കും താങ്ങുവില പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ വാദം.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്ന ആവശ്യമാണ് മറ്റൊന്ന്. എംഎസ് സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള നിര്‍ദ്ദേശമുണ്ടെന്നും സമരക്കാര്‍ വാദിക്കുന്നു. സ്വാതന്ത്ര വ്യാപര കരാറുകളില്‍ നിന്നും ഇന്ത്യ പുറത്തുവരണമെന്നും നിലവില്‍ വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നുമാണ് കര്‍ഷകരുടെ മൂന്നാമത്തെ ആവശ്യം. എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചാല്‍ ഇന്ത്യയില്‍ ഉത്പാദിക്കുന്ന വിളകള്‍ക്ക് വില സ്ഥിരത ഉറപ്പാകുമെന്നും കര്‍ഷകര്‍ കരുതുന്നു

വൈദ്യൂതി ബോര്‍ഡുകള്‍ സ്വകാര്യവത്കരിക്കരുത്, കൃഷിയും ചില്ലറ വ്യാപരവും ചെറുകിട സംരംഭകര്‍ക്കായി സംവരണം ചെയ്യണം, കാര്‍ഷിക മേഖലയിലെ കോര്‍പ്പറേറ്റ് വല്‍ക്കരണം അവസാനിപ്പിക്കണം, കര്‍ഷക പെന്‍ഷന്‍ പ്രതിമാസം അയ്യായിരം രൂപയായി വര്‍ധിപ്പിക്കണം, സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കണം എന്നിവയാണ് സമരം ചെയ്യുന്നവരുടെ മറ്റ് ആവശ്യങ്ങള്‍.

 

Latest News