രാജ്യത്തെ ടോള്‍ പിരിവ് രീതി അടിമുടി പരിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു നടത്തുന്ന ടോള്‍ പിരിവ് പുതിയ പരിഷ്‌കാരം വരുന്നതോടെ ഇല്ലാതാകും.
ജിപിഎസ് സംവിധാനം വഴി ടോള്‍ പിരിവ് നടത്തുന്ന രീതിയാണ് നിലവില്‍ വരാനൊരുങ്ങുന്നത്. ഒരു നിശ്ചിത തുക ഈടാക്കുന്നതിനു പകരം ടോള്‍ ചുമത്തിയിട്ടുള്ള പാതയിലൂടെ എത്ര ദൂരം സഞ്ചരിക്കുന്നു എന്നതു കണക്കിലെടുത്താകും തുക ഈടാക്കുക.
ടോള്‍ തുക വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കും. ഇതോടെ ടോള്‍ ബൂത്തുകള്‍ ഇല്ലാതെയാകും. ഫാസ് ടാഗ് സംവിധാനത്തിനും അവസാനമാകും. നിലവില്‍ ഒരു ലക്ഷത്തിലേറെ വാഹനങ്ങളില്‍ പുതിയ ടോള്‍ സംവിധാനം പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് എല്ലാ വാഹനങ്ങള്‍ക്കും നിശ്ചിതമായ ഒരു ടോള്‍നിരക്ക് നല്‍കേണ്ട സാഹചര്യമാണ്. അതിനുപകരമായി എത്രദൂരം ടോള്‍ ഏര്‍പ്പെടുത്തിയ റോഡിലൂടെ സഞ്ചരിക്കുന്നുവോ അതിനനുസരിച്ച് കിലോമീറ്ററിന് ആനുപാതികമായ നിരക്ക് വാഹനങ്ങള്‍ നല്‍കിയാല്‍ മതിയാകും. അതു കണ്ടെത്തുന്നതിനായി ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം ഏര്‍പ്പെടുത്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും നടപ്പിലാക്കുന്ന രീതിയാണിത്.