കള്ളപ്പണം വെളുപ്പിക്കല്‍, ഭീകര പ്രവര്‍ത്തനത്തിന് ധനസഹായം എന്നിവ തടയുന്നതിന് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നടപടികളെ അംഗീകരിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). എഫ്എടിഎഫിന്റെ മാനദണ്ഡങ്ങള്‍ ഇന്ത്യ നിയമപരമായി പാലിക്കുന്നുണ്ടെന്നും സിംഗപ്പൂരില്‍ നടന്ന പ്ലീനറി മീറ്റിംഗില്‍ സാമ്പത്തിക നിരീക്ഷണ സമിതി നിരീക്ഷിച്ചു.
ഇന്ത്യയുടെ നടപടികളുടെ ഓണ്‍-സൈറ്റ് വിലയിരുത്തലിനായി ഒരു എഫ്എടിഎഫ് സംഘം ന്യൂഡല്‍ഹി സന്ദര്‍ശിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ മാനദണ്ഡങ്ങളും തീവ്രവാദ വിരുദ്ധ ധനസഹായ നടപടികളും നിശ്ചയിക്കുന്ന അന്തര്‍ സര്‍ക്കാര്‍ സംഘടന, ഇന്ത്യയുടെ പ്രക്രിയകളില്‍ റെഡ് മാര്‍ക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയ്‌ക്കെതിരെ പോരാടുന്നതിനുള്ള രാജ്യത്തിന്റെ നടപടികളുടെ ഫലപ്രാപ്തിയും എഫ്എടിഎഫിന്റെ ശുപാര്‍ശകള്‍ പാലിക്കുന്നതും വിലയിരുത്തുന്ന ഇന്ത്യയുടെ റിപ്പോര്‍ട്ട് സംഘടന ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിനുമുള്ള നടപടികളെക്കുറിച്ച് എഫ്എടിഎഫിനെ അറിയിക്കാന്‍ ഒരു ഇന്ത്യന്‍ പ്രതിനിധി സംഘം ഏപ്രിലില്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), ധനകാര്യ, വിദേശകാര്യ മന്ത്രാലയങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഇന്ത്യന്‍ സംഘം ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി.ഇറാന്‍, ഉത്തരകൊറിയ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളെയാണ് എഫ്എടിഎഫ് നിലവില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.