മൊബൈല്‍ഫോണിന് അടിമയായിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് നിര്‍ദ്ദേശവുമായി മൊബൈല്‍ ഫോണിന്റെ പിതാവ് മാര്‍ട്ടിന് കൂപ്പര്‍. മൊബൈല്‍ ഫോണല്ല ജീവിതമെന്നും ഫോണ്‍ ഉപയോഗം കുറച്ച് ജീവിക്കാന്‍ നോക്കൂവെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 93 കാരന്റെ ഈ നിര്‍ദ്ദേശം.
തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ താന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുള്ളൂ എന്നും അധികസമയം മൊബൈലില്‍ ചെലവിടുന്നവര്‍ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഞ്ച് മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന തന്നെ പോലുള്ള ആളുകളോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു മാര്‍ട്ടിന്‍ കൂപ്പറിന്റെ മറുപടി.
1973 ഏപ്രില്‍ 3നാണ് മാര്‍ട്ടിന്‍ കൂപ്പര്‍ ആദ്യമായി സെല്ലുലാര്‍ ഫോണ്‍ അവതരിപ്പിക്കുന്നത്.
ആപ്പ് മോണിറ്ററിങ് സ്ഥാപനമായ ആപ്പ് ആനി അടുത്തിടെ പുറത്തുവിട്ട കണക്കനുസരിച്ച് ആളുകള്‍ ശരാശരി ഒരു ദിവസം 4.8 മണിക്കൂര്‍ നേരം അവരുടെ ഫോണില്‍ ചെലവഴിക്കുന്നുണ്ട്. ഇപ്രകാരം ഒരാഴ്ച 33.6 മണിക്കൂറും മാസം 144 മണിക്കൂറുമാണ് മനുഷ്യന്‍ ഫോണിനായി ചിലവഴിക്കുന്നത്. വ്യക്തമായി പറഞ്ഞാല്‍ ഒരു മാസത്തില്‍ 6 ദിവസം ആളുകള്‍ ഫോണിനായി സമയം ചെലവിടുന്നു.