സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. 96 വയസായിരുന്നു.
പിന്നാക്ക വിഭാഗ കമ്മീഷൻ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും പ്രവർത്തിച്ച ഫാത്തിമ ബീവി സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ മുസ്ലിം വനിതകൂടിയാണ്. 1927 ഏപ്രിൽ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ട സർക്കാർ സ്കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ അവര്‍ കാതോലിക്കേറ്റ് സ്കൂളിൽ നിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കുകയും തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം ലോ കോളജിൽ നിന്നാണ് നിയമബിരുദം നേടിയത്.
1950 നവംബർ 14ന് അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച് ബീവി എട്ടു വർഷത്തിനുശേഷം പൊതുപരീക്ഷ ജയിച്ച് മുൻസിഫായി. 1972ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും 74ൽ ജില്ലാ സെഷൻസ് ജഡ്ജിയുമായി. 1983 ഓഗസ്റ്റിൽ ഹൈക്കോടതി ജഡ്ജിയുമായി. 1989 ഒക്ടോബറിൽ സുപ്രീം കോടതി ജഡ്ജിയായി. 1992 ഏപ്രിൽ 29 വിരമിച്ചു. പിന്നീട് 1997 ജനുവരി 25നു തമിഴ്നാട് ഗവർണറായി ചുമതലയേറ്റു. അവിവാഹിതയാണ്.
ഏഷ്യയിൽ തന്നെ രാജ്യങ്ങളിൽ പരമോന്നതകോടതികളിൽ ഒരു ജഡ്ജ് ആയിരിക്കുന്ന വനിത എന്ന ബഹുമതിയും ഉണ്ട്. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നാല് തടവുകാർ നൽകിയ ദയാഹർജി ഫാത്തിമ ബീവി സംസ്ഥാന ഗവർണറായിരിക്കെ തള്ളിയിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 161 (മാപ്പ് നൽകാനുള്ള ഗവർണറുടെ അധികാരം) പ്രകാരമുള്ള അധികാരം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് തടവുകാർ ഗവർണർക്ക് ദയാഹർജി സമർപ്പിച്ചത്. തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നത്തിന് ക്ലീൻ ചിറ്റ് നൽകിയതോടെയാണ് ഫാത്തിമ ബീവി വിവാദത്തിൽ അകപ്പെട്ടത്. ഇതോടെ നിയമമന്ത്രി അരുൺ ജെയ്റ്റ്ലി ഫാത്തിമ ബീവിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. പിന്നീട് 2001 ജൂലൈ ഒന്നിന് ഗവർണർ സ്ഥാനത്ത് നിന്ന് രാജിവച്ചു.