രവീന്ദ്രനാഥ ടാഗോറിന്റെ ആത്മകഥയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരു ചെറിയ സംഭവം ഇങ്ങനെ വിവരിക്കുന്നുണ്ട്. ഒരു പ്രഭാതത്തില്‍ അദ്ദേഹത്തിന്റെ പരിചാരകന്‍ എത്തിയിട്ടില്ല. തലേദിവസം രാത്രി പോയ അയാള്‍ അടുക്കള വേണ്ടപോലെ വൃത്തിയാക്കുകയോ, വാതില്‍ ഭദ്രമായി അടയ്ക്കുകയോ ചെയ്തിരുന്നില്ല. കുളിക്കുന്നതിനും മറ്റുമുള്ള വെള്ളം കോരിവയ്ക്കുകയോ അന്നു ധരിക്കേണ്ട വസ്ത്രം തയാറാക്കി വയ്ക്കുകയോ ചെയ്തിരുന്നില്ല. പ്രഭാതഭക്ഷണം കഴിക്കേണ്ട സമയം ആയിട്ടും ഭൃത്യനെ കാണുന്നില്ല.
ടാഗോര്‍ രോഷാകുലനായി. പരിചാരകന്റെ കൃത്യവിലോപവും ഉത്തരവാദിത്വമില്ലായ്മയുമോര്‍ത്തു അദ്ദേഹത്തിൽ കോപം ആളിക്കത്തി. അയാളെത്തിയാല്‍ തക്ക ശിക്ഷ നല്‍കണമെന്നു തീരുമാനിച്ചു. അക്ഷമനായി വീടിനുള്ളില്‍ നടക്കുന്നതിനിടയില്‍ ഭൃത്യനതാ സാവകാശം നടന്നുവരുന്നു.
അയാള്‍ അടുത്തെത്തിയപാടെ ടാഗോര്‍ പൊട്ടിത്തെറിച്ചു. കടിച്ചമര്‍ത്തി വച്ച അമര്‍ഷം ശകാരവാക്കുകളായി പ്രവഹിച്ചു. ‘ഇനി എന്റെ കണ്‍മുമ്പില്‍ കണ്ടുപോകരുത്, എവിടേയ്‌ക്കെങ്കിലും പോയ്‌ക്കോ’ എന്ന് ആക്രോശിക്കുകയും ചെയ്തു. അടങ്ങാത്ത ദുഃഖവും വേദനയും പേറിയാണു ഭൃത്യന്‍ കയറിവന്നിരുന്നത്. കരഞ്ഞുകലങ്ങിയ കണ്ണുകള്‍, ഉറക്കമിളച്ചതിന്റെ ക്ഷീണം, അതോടൊപ്പം കടുത്ത കുറ്റബോധവും അയാള്‍ക്കുണ്ടായിരുന്നു. കണ്ണീര്‍വാര്‍ത്തു പതിഞ്ഞസ്വരത്തില്‍ വിനയത്തോടെ അയാള്‍ പറഞ്ഞു: ‘പ്രഭോ, എന്റെ ചെറുമകള്‍ ഇന്നലെ രാത്രി മരിച്ചു. ഞാന്‍ അവളെ ജീവനുതുല്യം സ്‌നേഹിച്ചിരുന്നു, അവള്‍ക്ക് എന്നെയും ഏറെ പ്രിയമായിരുന്നു’. ഇത്രയും പറഞ്ഞ് അയാള്‍ ധൃതിയില്‍ അകത്തേയ്ക്കു കയറി ജോലിയില്‍ വ്യാപൃതനായി. അതിവേഗം ജോലി പൂര്‍ത്തിയാക്കി ടാഗോറിനു ഭക്ഷണം നല്‍കി അദ്ദേഹത്ത യാത്രയാക്കി. ഭൃത്യന്റെ വാക്കുകള്‍ ടാഗോറിനെ സ്തബ്ധനാക്കി. ഇരച്ചുനിന്ന കോപവും ക്രോധവും പശ്ചാത്താപമായും സഹാനുഭൂതിയായും മാറി. മാനുഷികമൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന താന്‍ ഭൃത്യനു പറയാനുള്ളതു കേള്‍ക്കാതെ ശകാരിച്ചത് തെറ്റായിപ്പോയെന്ന ചിന്ത അദ്ദേഹത്തെ അസ്വസ്ഥനാക്കി.
‘എറിഞ്ഞ കമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാൻ കഴിയില്ല’ എന്ന പഴമൊഴി നിങ്ങൾ കേട്ടിട്ടില്ലേ? പലപ്പോഴും വൈകാരികമായ പ്രതീകരണങ്ങൾ നമ്മെ പ്രതിസന്ധിയിൽ ആഴ്ത്തിയേക്കാം. കുറച്ചു കഴിയുമ്പോൾ വേണ്ടിയിരുന്നില്ല അല്ലെങ്കിൽ തെറ്റായി പോയി എന്ന തോന്നൽ ടാഗോറിനെ പോലെ നമുക്കുമുണ്ടാകാം. എന്നാൽ അപ്പോഴേക്കും സമയം പോയി കഴിഞ്ഞിരിക്കും.
വികാരങ്ങള്‍ മാനസികവും വൈകാരികവുമായ അവസ്ഥയുടെ പ്രതിഫലനമാണ്. സന്തോഷം, സ്‌നേഹം, ഭയം, ദുഃഖം, വെറുപ്പ്, കോപം എന്നിങ്ങനെ പല രൂപത്തില്‍ അവ നാം അനുഭവിക്കുന്നു. ജീവിതം പൂര്‍ണതയോടെ അനുഭവിക്കാന്‍ വികാരങ്ങള്‍ കൂടിയേ തീരൂ. സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ചു അതിനെ ഉപയോഗിക്കാൻ കഴിയുന്നവർക്കേ ജീവിതത്തിൽ വിജയിക്കാൻ കഴിയൂ.
ഡോ. സെമിച്ചൻ ജോസഫ്
(പരിശീലകനും കൗൺസിലറും സ്മാർട്ട് ഇന്ത്യ ഫൌണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ സഹസ്‌ഥാപകനുമാണ് ലേഖകൻ)