Sunday, November 24, 2024

പശ്ചിമ ബംഗാളിലെ ജയിലുകളില്‍ വനിതാ തടവുകാര്‍ തടവിലിരിക്കെ ഗര്‍ഭിണികളാകുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

പശ്ചിമ ബംഗാളിലെ ജയിലുകളില്‍ വനിതാ തടവുകാര്‍ തടവിലിരിക്കെ ഗര്‍ഭിണികളാകുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ഇത്തരത്തില്‍ ജനിച്ചിട്ടുണ്ടെന്നും ഇതിനാല്‍ സ്ത്രീ തടവുകാരുടെ ജയിലിനുള്ളില്‍ ജീവനക്കാരുടെ പ്രവേശനം ഉടന്‍ നിരോധിക്കണമെന്നും അമിക്കസ് ക്യൂറി കല്‍ക്കട്ട ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയാണ് വനിതാ തടവുകാരുടെ ഇടങ്ങളില്‍ പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കണമെന്നാവവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ വനിതാ തടവുകാര്‍ ഗര്‍ഭിണികളായ സമയത്തെ കുറിച്ചും എങ്ങനെയെന്നതിനെ കുറിച്ചുമുള്ള രേഖകള്‍ അമിക്കസ് ക്യൂറി വ്യക്തമാക്കിയിട്ടില്ല.

ജയിലുകളിലേക്ക് അയയ്ക്കുന്നിന് മുന്‍പ് വനിതാ തടവുകാര്‍ ഗര്‍ഭിണിയാണോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അലിപൂരിലെ വനിതാ ജയില്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ (സ്പെഷ്യല്‍), ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി എന്നിവരോടൊപ്പം സന്ദര്‍ശിച്ചപ്പോള്‍ അവിടെ അമ്മമാരായ തടവുകാരോടൊപ്പം 15 കുട്ടികളെ കണ്ടതായും ഇവര്‍ ജയിലില്‍ വച്ച് ഗര്‍ഭിണികളായവരാണെന്നും അമിക്കസ് ക്യൂറി പറയുന്നു.

എന്നാല്‍ ജയിലുകളില്‍ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നതായി തനിക്ക് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ജയിലില്‍ അമ്മമാരോടൊപ്പം കഴിയാന്‍ അനുവാദമുണ്ട്. അതുകൊണ്ടാണ് കുട്ടികള്‍ ജയിലിലുള്ളതായി കാണുന്നത് എന്നുമാണ് പശ്ചിമ ബംഗാള്‍ കറക്ഷണല്‍ സര്‍വീസിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ പറഞ്ഞു. തിങ്കളാഴ്ച കേസ് പരിഗണിച്ചേക്കും.

 

Latest News